ഇലവാഴ കൃഷി-വാഴകൃഷിയിലെ വൈവിധ്യം-ആന്തൂര്‍ മാതൃക
തളിപ്പറമ്പ്: കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആന്തൂര്‍ നഗരസഭയിലെ കടമ്പേരിയിലെ കെ.ഹരിദാസന്റെ കൃഷിയിടത്തില്‍ ഇലവാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വാഴകൃഷിയില്‍ കേവലം വാഴക്കുലകള്‍ക്ക് പുറമെ വാഴയുടെ കായിക വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളില്‍ ഇലകള്‍ വിപണനം ചെയ്യുന്നതിലൂടെയും വരുമാന സുരക്ഷിതത്വം കൈവരിക്കാനുതകുന്ന രീതിയില്‍ വാഴയെ ഒരു വരുമാന സുരക്ഷിതത്വ വിളയായി മാറ്റുന്നതിന് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയുള്ള മുന്‍ നിര പ്രദര്‍ശനതോട്ടം നഗരസഭയിലെ സാധ്യതയുള്ള പ്രദേശങ്ങളില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വ്യാപിക്കണമെന്ന് ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ വിളവെടുപ്പ് ഉദ്ലാടനം ചെയ്തു കൊണ്ട് പറഞ്ഞു.
ഒരു വാഴയില്‍ നിന്നും 30 – 40 ഇലകളെങ്കിലും വിപണനം ചെയ്യാന്‍ സാധിക്കുന്നതിലൂടെ വാഴയില്‍ നേരത്തെ കണ്ടു വരുന്ന കീടബാധക്കും രോഗബാധക്കും ശമനമാകുമെന്നും അതിനു ശേഷം വാഴക്കുല ലഭിക്കുന്ന തരത്തിലുള്ള കൃഷിപരിപാലനം കര്‍ഷകക്ക് കുലകളില്‍ നിന്നും വരുമാന സുരക്ഷിതത്വം ഉറപ്പ് വരുത്തുമെന്നും കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ ഡോ. പി.ജയരാജ് വിശദീകരിച്ചു.
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഈ മുന്‍നിര പ്രദര്‍ശനതോട്ടങ്ങള്‍ ഞാലിപ്പുവന്‍ വാഴയില്‍ നടത്തിവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വാഴഇല വില്‍പ്പന കല്‍കോ ചെയര്‍മാന്‍ സി.അശോക് കുമാറിന് നല്‍കി വിപണനം ഉദ്ഘാടനവും നടത്തി.
വിളവെടുപ്പിന്റെ ആദ്യദിനം തന്നെ വിളവെടുത്ത 30 വാഴകളില്‍ നിന്നും രണ്ടു മാസം പ്രായമാകുമ്പോഴേക്കും 75 ഇലകള്‍ വിപണനം ചെയ്യാന്‍ സാധിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ ടി.കെ.വിനാരായണന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ടി.മനോഹരന്‍ , ആന്തൂര്‍കൃഷി ഓഫിസര്‍ ടി.ഒ.വിനോദ് കുമാര്‍, പാച്ചേനി വിനോദ്, കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി.പ്രൊഫസര്‍മാരായ റനിഷ മന്നമ്പേത്ത്, എലിസബത്ത് ജോസഫ് , കൃഷി അസിസ്റ്റന്റ് മാരായ എന്‍.ജനാര്‍ദ്ദനന്‍, കെ.കെ.നിരഞ്ജന എന്നിവര്‍ സംബന്ധിച്ചു.
കെ.ഹരിദാസന്‍ നന്ദി രേഖപ്പെടുത്തി.
ഇതിനോടനുബന്ധിച്ച് 25 ഏക്കര്‍ വിസ്തൃതിയുള്ള ബക്കളം പച്ചക്കറി ക്ലസ്റ്ററിലെ കര്‍ഷകര്‍ക്ക് നടത്തിയ സെമിനാറില്‍ മണ്ണു പരിശോധന ഫലം കൈമാറുകയും മണ്ണിന്റെ അപചയം കൃഷിയെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും വിശദീകരിച്ചു.
അതു പരിഹരിച്ചു കൊണ്ടുള്ള കാര്‍ഷിക മാനേജ്‌മെന്റിലൂടെ ഒരു ഏക്കറില്‍ നിന്നും ഏറ്റവും ചുരുങ്ങിയത് 60 ക്വിന്റല്‍ പ്രീമിയം പച്ചക്കറികള്‍ ഉല്പാദിപ്പിച്ച് ബക്കളം ക്ലസ്റ്ററില്‍ 25 ലക്ഷത്തിന്റെ വരുമാനം കൈവരിക്കാനുതകുന്നതിന് പങ്കാളിത്ത രീതിയില്‍ പ്രാദേശിക സാമ്പത്തിക സുരക്ഷക്ക് സഹായകരമാകുന്ന സാധ്യതയും വിശദമാക്കി.