തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് സെക്രട്ടെറി ടി.വി.പുഷ്പകുമാരിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.

ഇന്ന് നടന്ന ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് യോഗമാണ് സസ്‌പെന്റ് ചെയ്തത്. ബാങ്കിലെ രണ്ട് വാച്ച്‌മേന്‍ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനായി അപേക്ഷ ക്ഷണിച്ചത് കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ജോ.രജിസ്ട്രാര്‍ റദ്ദാക്കിയത്.

ഇനി ജെ.ആറിന്റെ അനുമതിയില്ലാതെ നിയമനം നടത്താനാവില്ല.

ഇത് ഉള്‍പ്പെടെ നിരവധി ക്രമക്കേടുകള്‍ നടന്നതായി പരാതി ലഭിച്ചത്പ്രകാരം സഹകരണ വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് രേഖകള്‍ നല്‍കിയെന്ന ആരോപണം ഉള്‍പ്പെടെ ക്രമക്കേടുകളുടെ പേരിലാണ് സസ്‌പെന്‍ഷന്‍.

ബാങ്ക് പ്രസിഡന്റിന്റെ ഒരു പാര്‍ശ്വവര്‍ത്തിയെ വാച്ച്‌മേന്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കങ്ങള്‍ തടയുന്നതിനായി സഹകരണ വകുപ്പിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്.

അതിനിടെ നിലവില്‍ ബാങ്കിന്റെ ഉയര്‍ന്ന തസ്തികയിലുള്ള സെക്രട്ടെറി ചുമതലയിലിരിക്കെ അടുത്തദിവസം ബാങ്കില്‍ പുതിയ ചീഫ് എക്‌സിക്യുട്ടീവിനെ നിയമിച്ചതും വിവാദമായിട്ടുണ്ട്.

സെക്രട്ടെറിക്ക് പുറമെ ചീഫ് എക്‌സിക്യുട്ടീവിനും ബാങ്ക് ശമ്പളം നല്‍കേണ്ടതുണ്ട്.

പുഷ്പകുമാരിയെ ബാങ്കില്‍ നിന്നും പുകച്ചുപുറത്ത് ചാടിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചീഫ് എക്‌സിക്യുട്ടീവിനെ നിയമിച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ബാങ്കില്‍ നടന്ന നിരവധി ക്രമക്കേടുകള്‍ക്കെതിരെ സഹകരണ നിയമം-65 പ്രകാരം ഇപ്പോള്‍ വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്.

സംവരണ നിയമം പാലിക്കാതെ വാച്ച്മാന്‍ തസ്തികകളില്‍ നിയമനം നടത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്നാണ് ജോ.രജിസ്ട്രാര്‍ നിയമനം റദ്ദാക്കിയത്.