പ്രേംനസീര്‍ നായകനും വില്ലനും-ഭാര്യമാര്‍ സൂക്ഷിക്കുക @55.
പ്രേംനസീര്‍ നായകനും വില്ലനുമായി അഭിനയിച്ച സിനിമയാണ് ഭാര്യമാര്‍ സൂക്ഷിക്കുക. ജയ്മാരുതിയുടെ ബാനറില്‍ ടി.ഇ.വാസുദേവന് നിര്‍മ്മിച്ച ഈ സിനിമ സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവന്‍. 1968 ഡിസംബര്‍-19 ന് 55 വര്‍ഷം മുമ്പാണ് ഇതേ ദിവസം ഭാര്യമാര്‍ സൂക്ഷിക്കുക റിലീസ് ചെയ്തത്. പ്രേംനസീര്‍, അടൂര്‍ഭാസി, ഷീല, കെ.പി.ഉമ്മര്‍, പറവൂര്‍ ഭരതന്‍, അമ്മിണി, കമലം, ടി.ആര്‍.ഓമന, കമലാദേവി എന്നിവരാണ് മുഖ്യവേഷത്തില്‍. എസ്.എല്‍.പുരം സദാനന്ദനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ക്യാമറ-മെല്ലി ഇറാനി, എഡിറ്റര്‍-ടി.ആര്‍.ശ്രീനിവാസലു, കല-ആര്‍.ബി.എസ്.മണി. പരസ്യം എസ്.എ.നായര്‍. മലയാളത്തിന്റെ നാഴികക്കല്ലുകളായി മാറിയവയാണ് ഇതിലെ ഗാനങ്ങള്‍. ശ്രീകുമാരന്‍തമ്പിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് വി.ദക്ഷിണാമൂര്‍ത്തി.

ഭാര്യമാര്‍ സൂക്ഷിക്കുക-കഥാസംഗ്രഹം.
നാട്ടിന്‍ പുറത്തുകാരിയും പരിഷ്‌ക്കാരിയുമല്ലാത്ത വാസന്തി ടീച്ചറാണ്(കമലാദേവി) സുരേഷിന്റെ(പ്രേംനസീര്‍) ഭാര്യ. ഭര്‍ത്താവിന്റെ പ്രശസ്തിയില്‍ അവര്‍ക്കഭിമാനമുണ്ടെങ്കിലും എങ്ങിനെയാണ് സുരേഷിനെ അതറിയിക്കുക എന്നവര്‍ക്കറിഞ്ഞുകൂട. സുരേഷിനാണെങ്കില്‍ വാസന്തി ഹൃദയം തുറന്നു സ്‌നേഹിക്കുന്ന ഒരു ഭാര്യയല്ലെന്നാണ് പരാതി.
ശോഭയുടെ(ഷീല) ഭര്‍ത്താവ് ഔദ്യോഗിക ജീവിതത്തില്‍ വലിയ തിക്കും തിരക്കുമുള്ള ആളാണ്. ഡോക്ടര്‍ പൊതുവാള്‍(കെ.പി.ഉമ്മര്‍).അദ്ദേഹം ആത്മാര്‍ത്ഥമായി ശോഭയെ സ്‌നേഹിക്കുന്നുണ്ട്.. എങ്കിലും ഒരു ഭര്‍ത്താവില്‍ നിന്നും ലഭിക്കേണ്ടതെല്ലാം തനിക്കു ലഭിക്കുന്നില്ലെന്ന പരാതിക്കാരിയാണു് ശോഭ. ഡോക്ടര്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയ്ക്കു പോകുകയാണ്. യാത്ര തിരിക്കുന്നതിനു മുമ്പ് അവരെല്ലാം ചേര്‍ന്ന് സുരേഷിന് ഒരു വിരുന്നു നല്‍കി. ഈ അവസരം സുരേഷും ശോഭയും തമ്മില്‍ അടുക്കുന്നതിനിടയാക്കി. അടുപ്പം ക്രമേണ ഇരുവരേയും പ്രണയവലയത്തിലാക്കി. സുരേഷും ശോഭയും എപ്പോഴും ഒരുമിച്ചു സഞ്ചരിക്കാന്‍ തുടങ്ങി.
പത്രദ്വാരാ വിവരങ്ങള്‍ അറിഞ്ഞ കൂട്ടുകാര്‍ വാസന്തി ടീച്ചറോട് സംഭവവികാസങ്ങളെപ്പറ്റി പറഞ്ഞു. ഭര്‍ത്താവു തന്നെ ശ്രദ്ധിക്കുന്നില്ലെന്നു തന്നെയല്ല, മറ്റൊരു സ്ത്രീയെ സ്‌നേഹിക്കുന്നു എന്നു കൂടി അറിഞ്ഞ വാസന്തിക്ക്് അതു സഹിക്കുവാന്‍ കഴിഞ്ഞില്ല. ഒരു ദിവസം വീട്ടിലെത്തിയ സുരേഷിനെ വാസന്തി കണക്കറ്റു ശകാരിച്ചു. സുരേഷിന്റെ അമ്മ ദേവകിയമ്മയും മകനെ ഉപദേശിച്ചു. പക്ഷെ ഇതെല്ലാം സുരേഷിന്റെ ഹൃദയത്തില്‍ വാസന്തിയോടുള്ള വെറുപ്പിന്റെ കാഠിന്യം കൂട്ടുവാനേ ഉപകരിച്ചുള്ളൂ.
സുരേഷും ശോഭയും തമ്മിലുള്ള ബന്ധം പരസ്യമായിത്തന്നെ പ്രകടമായി. അവരുടെ അടുപ്പം ഉച്ചകോടിയിലെത്തിയപ്പോഴേക്കും ഡോക്ടര്‍ പൊതുവാള്‍ അമേരിക്കയില്‍ നിന്നും മടങ്ങിയെത്തി. ഭര്‍ത്താവിനെ അന്വേഷിച്ചു നാട്ടിന്‍പുറത്തുകാരിയായ വാസന്തി ടീച്ചര്‍ ഈ സമയം മദ്രാസിലെത്തി. ശോഭയും സുരേഷും തമ്മില്‍ നടക്കുന്ന പരസ്യസല്ലാപങ്ങള്‍ കണ്ടു മനം നൊന്ത ആ സാധു സ്ത്രീ ആത്മഹത്യ ചെയ്തു. പക്ഷെ അത്് ആത്മഹത്യയല്ലെന്നും ഒരു കൊലപാതകമാണെന്നും ധരിച്ച ശോഭ, സുരേഷിനെ തന്റെ ഭവനത്തില്‍ നിന്നും ആട്ടിയിറക്കി.
ശോഭയും സുരേഷുമായുള്ള പ്രേമവൃത്താന്തം ഡോക്ടര്‍ പൊതുവാള്‍ അറിയാനിടയായി. ശോഭയുടെ അപേക്ഷകളും ക്ഷമാപണവും വകവെയ്ക്കാതെ അദ്ദേഹം അവളെ വീട്ടില്‍ നിന്നും അടിച്ചു പുറത്താക്കി. തെരുവിലേക്കെറിയപ്പെട്ട ശോഭ, സുരേഷിനെ സമീപിച്ചു. പക്ഷെ അവളെ സ്വീകരിക്കുവാന്‍ അയാള്‍ തയ്യാറല്ലായിരുന്നു. എന്നു മാത്രമല്ല അന്ന്് അര്‍ദ്ധരാത്രിയില്‍ ഒരു കാറില്‍ക്കയറ്റി വിജനമായ ഒരു സ്ഥലത്ത് കൊണ്ടുവിടുകയാണ് അയാള്‍ ചെയ്തത്.
ഒരുപറ്റം തെരുവു കാമുകന്മാരുടെ കയ്യിലകപ്പെട്ട ശോഭയെ അവര്‍ മാനഭംഗപ്പെടുത്തി. അതോടെ അവള്‍ ഒരു പ്രതികാര ദുര്‍ഗ്ഗയായി മാറി. തന്റെ ജീവിത പരാജയങ്ങള്‍ക്കു കാരണഭൂതനായ സുരേഷിനെ അവള്‍ മനസ്സാ ശപിച്ചു. അയാളോട് അവള്‍ക്കു തീരാത്ത പകയുണ്ടായി. നിവര്‍ത്തിപ്പിടിച്ച കത്തിയുമായി ശോഭ നേരേ സുരേഷിന്റെ മുറിയിലെത്തി അയാളെ കുത്തിക്കൊലപ്പെടുത്തുന്നതോടെ ഭാര്യമാര്‍ സൂക്ഷിക്കുക അവസാനിക്കുന്നു.
ഗാനങ്ങള്‍-
1-ആകാശം ഭൂമിയെ-യേശുദാസ്.
2-ചന്ദ്രികയിലലിയുന്നു-എ.എം.രാജ.
3-ചന്ദ്രികയിലലിയുന്നു-യേശുദാസ്, പി.ലീല.
4-മാപ്പുതരൂ-പി.ലീല
5-മരുഭൂമിയില്‍ മലര്‍-ജയചന്ദ്രന്‍.
6-വൈക്കത്തഷ്ടമി നാളില്‍-യേശുദാസ്, എസ്.ജാനകി.
