പരാതിക്കാരന്‍ മോഷണക്കേസില്‍ അറസ്റ്റിലായി-കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ്.

പരിയാരം: ബൈക്ക് മോഷ്ടിച്ചതായി പരാതി നല്‍കിയ ആളും സുഹൃത്തും മറ്റൊരു ബൈക്ക് മോഷണക്കേസില്‍
അറസ്റ്റില്‍.

പരിയാരം പെരുവളങ്ങയിലെ ബബിത്ത്‌ലാല്‍(20), മുടിക്കാനത്തെ ആല്‍ഫിന്‍ സോജന്‍(19) എന്നിവരെയാണ് പരിയാരം ഐ.പി. കെ.വി.ബാബു, എസ്.ഐ കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 3 ന് മുടിക്കാനത്തെ ജിഷയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍.43 എഫ് 3339 നമ്പര്‍ ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച സംഭവത്തിലാണ് ഇരുവരും പിടിയിലായത്.

ജിഷയും ഭര്‍ത്താവ് സുരേഷും കാസര്‍ഗോഡാണ് താമസം വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് ഇരുവരും നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ 3 ന് പുലര്‍ച്ചെ 5 മണിയോടെ ഇരുവരും ബൈക്കില്‍ പോകുന്നത് കണ്ടതായി നാട്ടുകാര്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരിയാരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കീച്ചേരിയില്‍ വെച്ച് ഇരുവരും പോലീസിന്റെ വലയിലായത്.

ഏപ്രില്‍ 30 ന് ബബിത്‌ലാലിന്റെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ മെയ് 5 ന് രണ്ടുപേരെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസിലെ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് പരാതിക്കാരന്‍ തന്നെ ബൈക്ക് മോഷണക്കേസില്‍ പിടിയിലായത്.

ജില്ലയില്‍ വ്യാപകമായി കഞ്ചാവ് വിതരണം സംഘത്തില്‍ പെട്ടവരാണ് ബൈക്ക് മോഷണങ്ങള്‍ക്ക് പിറകിലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനം മുഴുവന്‍ വേരുകളുള്ള കഞ്ചാവ് കടത്തല്‍ സംഘത്തിലെ മുഖ്യകണ്ണിയാണ് ബബിത്ത്‌ലാലെന്ന് പോലീസ് പറഞ്ഞു.


പോലീസ് ഇരുവരേയും ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ മോഷണം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.