ഭണ്ഡാര മോഷ്ടാവിനെ സംരക്ഷിക്കാനുള്ള ബാധ്യത സി.പി.എം ഏറ്റെടുക്കുന്നത് എന്തിനെന്ന് എ.പി.ഗംഗാധരന്‍.
തളിപ്പറമ്പ്: ഭണ്ഡാര മോഷണം നടത്തിയതിന് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതിന് പ്രതികാരമായി എക്‌സിക്യുട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോര്‍ഡ് നടപടി ക്ഷേത്ര ഭണ്ഡാരത്തില്‍ കാണിക്ക അര്‍പ്പിക്കുന്ന ഭക്തരോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് ബി.ജെ.പി ജില്ലാ ജന.സെക്രട്ടറി എ.പി.ഗംഗാധരന്‍ ആരോപിച്ചു.
തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാത്ത എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥാനത്ത് നിന്ന് മാറ്റി ഭണ്ഡാര മോഷ്ടാവിനെ തിരികെ സര്‍വ്വീസില്‍ പ്രവേശിപ്പിക്കാനാണ് ദേവസ്വം അധികൃതര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ഭക്തജന പ്രക്ഷോഭത്തിന് ബി ജെ പി നേതൃത്വം നല്‍കുമെന്ന് എ.പി.ഗംഗാധരന്‍ പറഞ്ഞു.
ഇത്തരക്കാരെ സംരക്ഷിക്കാനുള്ള സി.പി.എമ്മിന്റെ ബാധ്യത എന്താണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി ജെ പി തൃച്ചംബരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണാസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.പി.ജി.
പി.ദേവരാജന്‍ അധ്യക്ഷത വഹിച്ചു.
കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടെറി പ്രഭാകരന്‍ കടന്നപ്പള്ളി, അജികുമാര്‍ കരിയില്‍, ഷൈമ പ്രദീപന്‍, എ അശോക്കുമാര്‍, പി.വി.ഉണ്ണികൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
