രഞ്ജിത്തിന്റെ പോസ്റ്റ് മോര്‍ട്ടം നാളെ-ബി.ജെ.പിക്കാര്‍ മോര്‍ച്ചറി പരിസരത്ത് പ്രതിഷേധിച്ചു-
ആലപ്പുഴ: ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകിയതില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ വൈകിയതിനാല്‍ നടപടിക്രമങ്ങള്‍ നാളത്തേക്ക് മാറ്റിയിരിക്കുകയാണ്.
സാഹചര്യം സംബന്ധിച്ച് ബിജെപി സംസ്ഥാന നേതാക്കള്‍ പോലീസുമായും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
തുടര്‍ന്ന് വിശദീകരണങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പോലീസുമായി സഹകരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കാതിരിക്കാന്‍ ആസൂത്രിതമായ ഗൂഡാലോചന ഉണ്ടായെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
പോലീസുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ശവസംസ്‌കാരത്തിന്റെ സമയം തീരുമാനിച്ചത്.
എന്നാല്‍ പോലീസ് മനപ്പൂര്‍വ്വം ഇന്ന് ശവസംസ്‌കാര ചടങ്ങ് അനുവദിക്കാതിരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം വൈകിപ്പിക്കുകയായിരുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു.
എന്നാല്‍ പോലീസ് നടപടിയോടും ആശുപത്രി അധികൃതരോടും സഹകരിക്കുമെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നാളെയായിരിക്കും രഞ്ജിത്തിന്റെ മൃതദേഹം സംസ്‌കരിക്കുക. ഉച്ചയ്ക്ക് മുമ്പ് വിലാപ യാത്രയായി മൃതദേഹം സ്വന്തം വീട്ടിലേക്ക് എത്തിക്കും.
