കളമശ്ശേരിയില്‍ വന്‍ സ്‌ഫോടനം-ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
.കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
സ്ത്രീയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം നടന്നത്.
ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.
ഏകദേശം 2000- ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്‌ഫോടനമുണ്ടായത്.
അര മണിക്കൂറിനിടയില്‍ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതല്‍ ഫയര്‍ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
മരിച്ചയാളുടെ മൃതദേഹം തിരിച്ചറിയാന്‍
കഴിഞ്ഞിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്.