സൗന്ദര്യവല്‍ക്കരണ തോണി പൊടിഞ്ഞുതീരുന്നു, തേവരുടെ തോണി, തേവരുടെ ഫാം-നഷ്ടം 5.6 ലക്ഷം രൂപ.

തളിപ്പറമ്പ്: കരിമ്പം ഫാമിനകത്ത് തോണി, ചെലവ് അഞ്ചുലക്ഷം, ഫാമിലെത്തിക്കാന്‍ ചെലവായത് 60,000.

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് വലിയ തോണി വാങ്ങിയത്.

പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇത് കരിമ്പം ഫാമിനകത്തെ ജില്ലാ അഗ്മാര്‍ക്ക് ഓഫീസിന് സമീപം എത്തിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്ന് ലോറിയില്‍ കയറ്റിയതും ഇവിടെ ഇറക്കിയതും ക്രെയിന്‍ ഉപയോഗിച്ചായിരുന്നു.

ഇതിന് മാത്രം ചെലവ് 60,000 രൂപയാണ്.

എന്തിനാണ് കാടുപിടിച്ചു കിടക്കുന്ന ഇവിടെ തോണി മഴനനയാന്‍ കൊണ്ടുവെച്ചത് എന്ന ചോദ്യത്തിന് ഫാം അധികൃതരുടെ മറുപടി സൗന്ദര്യവല്‍ക്കരണത്തിന് ഉപയോഗിക്കാന്‍ എന്നാണ്.

2022 ല്‍ ഫാമിനകത്ത് കൊണ്ടുവന്നിട്ട തോണിയുടെ മുകളില്‍
ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയതൊഴിച്ചാല്‍ ഇതിന്റെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

ഒരു വിധത്തിലുള്ള സൗന്ദര്യവല്‍ക്കരണവും ഫാമിനകത്ത് നടന്നിട്ടുമില്ല.

2022 മെയ് മാസത്തില്‍ നടന്ന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന് ജില്ലാ ആസ്ഥാനത്ത് നടത്തിയ പ്രദര്‍ശനത്തിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വലിയതോതില്‍ തുക ചെലവഴിച്ചതായാണ് വിവരം.

ജില്ലാ വികസനകാര്യസ്ഥിരം സമിതിയുടെ കീഴില്‍പ്പെടുന്ന കരിമ്പം ഫാമില്‍ വികസന പദ്ധതികള്‍ക്കെന്ന പേരില്‍ കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി മാത്രം ചെലവഴിക്കുന്നത്.

അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കൂറ്റന്‍ തോണിയും ഈ വികസനഫണ്ട് ഉപയോഗപ്പെടുത്തിയാണ് വാങ്ങിയത്.

പക്ഷെ, ആവശ്യം കഴിഞ്ഞതോടെ ഇത് കരിമ്പം ഫാം വളപ്പില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷമായി മഴയും വെയിലുമേറ്റ തോണി പൊടിഞ്ഞ് തീര്‍ന്നുകൊണ്ടിരിക്കയാണ്.

സര്‍ക്കാര്‍ വാര്‍ഷികത്തിന് പിന്നീട് നടന്ന പ്രദര്‍ശനത്തിനൊന്നും ഈ തോണി ഉപയോഗപ്പെടുത്തിയിട്ടുമില്ല.

പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കവെയാണ് ഈ തോണി വാങ്ങി പ്രദര്‍ശനത്തിന് ഉപയോഗിച്ചത്.

ഇപ്പോള്‍ തോണിയുടെ അടിഭാഗം മുഴുവനായി ദ്രവിച്ചുകഴിഞ്ഞു,

ഒന്നിനും ഉപയോഗിക്കാന്‍ കഴിയാത്ത ഇത് പൊതുലേലം ചെയ്തു വില്‍പ്പന നടത്തിയാല്‍ അത്രയെങ്കിലും പണം സര്‍ക്കാറിലേക്ക് ലഭിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്..