ആനേന ബാങ്ങും തോട്ടി ബാങ്ങൂല്ല–കരിമ്പം ഫാമിലെ ബ്രിട്ടീഷ് കുശിനി നവീകരണം ചടങ്ങായി മാറി. തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നീക്കമില്ല.

കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: ബ്രിട്ടീഷ് കുശിനി നവീകരിക്കുന്നു, എന്നാല്‍ തകര്‍ന്ന പുകക്കുഴല്‍ നന്നാക്കാന്‍ നടപടികളില്ല.

പുകക്കുഴല്‍ തങ്ങളുടെ നിര്‍മ്മാണ കരാറില്‍ പെടില്ലെന്നാണ് കരാറുകാര്‍ പറയുന്നത്.

ബ്രിട്ടീഷുകാര്‍ 1903 ല്‍ നിര്‍മ്മിച്ച 119 വര്‍ഷം പഴക്കമുള്ള കുശിനിയാണ്(അടുക്കള) നവീകരിക്കുന്നത്.

കരിമ്പത്തെ ജില്ലാ കൃഷിഫാമിന്റെ റസ്റ്റ്ഹൗസിനോട് അനുബന്ധിച്ചാണ് ഇത് നിര്‍മ്മിച്ചത്.

1903 ല്‍ ഫാമിന്റെ നിര്‍മ്മാണത്തിനായി മദ്രാസ് പ്രസിഡന്‍സി നിയോഗിച്ച ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ എന്ന കാര്‍ഷിക ശാസ്ത്രജ്ഞനാണ് റസ്റ്റ് ഹൗസും അതോടനുബന്ധിച്ച് കുശിനിയും നിര്‍മ്മിച്ചത്.

സ്‌റ്റോര്‍ റൂമും അടുക്കളയും ഉള്‍പ്പെട്ട രണ്ട് ചെറിയ മുറികളടങ്ങുന്നതാണ് കുശിനി.

ഒരേ സമയം അഞ്ച് അടുപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതാണ് അടുക്കള.

ഒരു തരി പുക പോലും അടുക്കളയിലേക്ക് വരാതെ മുകളിലെ പുകക്കുഴല്‍ വഴിയാണ് പുറത്തേക്ക് പോകുക.

ചെങ്കല്ലില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ മേല്‍പ്പുര തകര്‍ന്നുപോയെങ്കിലും ചുമരുകള്‍ക്കും പുകക്കുഴലിനും യാതൊരുവിധ കേടുപാടുകളുമില്ല.

കുശിനി അതിന്റെ പഴമയും തനിമയും ചോര്‍ന്നുപോകാതെ നവീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് നടപടികള്‍

ആവിഷ്‌ക്കരിച്ചിരുന്നതെങ്കിലും കുശിനിയുടെ ഹൃദയമെന്ന് പറയാവുന്ന ബ്രിട്ടീഷ് പുകക്കുഴല്‍ തകര്‍ന്ന നിലയിലാണ്.

ഈ പുകക്കുഴല്‍ തനിമയോടെ സംരക്ഷിച്ചാന്‍ മാത്രമേ കുശിനി ഉപയോഗയോഗ്യമാവുകയുള്ളൂ.

എന്നാല്‍ പുകക്കുഴലിനെ നശിക്കാന്‍ വിട്ട് ചുമരുകള്‍ സിമന്റ് തേച്ച് നിലനിര്‍ത്താനാണ് ജില്ലാ പഞ്ചായത്തിന്റെ നീക്കം.

നിര്‍മ്മിതികേന്ദ്രയാണ് പണി ഏറ്റെടുത്തിരിക്കുന്നത്.

പുകക്കുഴല്‍ കൂടി പഴമ നിലനിര്‍ത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

ചെറുതെങ്കിലും പുകയുടെ അംശംപോലും അടുക്കളയില്‍ പടരാത്ത ഈ ആര്‍ക്കിടെക്ച്ചര്‍ വിസ്മയം പുതുതലമുറക്ക് ഒരു വലിയ പാഠം തന്നെയാണ്.