നാട്ടില്‍ പോയി തിരിച്ചുവന്നപ്പോള്‍ സ്ഥാപനം മറ്റൊരാളുടേതായി- കെട്ടിടം ഉടമയുടെ വീടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്ന് വാടകക്കാരന്‍

പരിയാരം: വാടകയ്ക്ക് നല്‍കിയ കെട്ടിടം വാടകക്കാരന്‍ നാട്ടിലേക്ക് പോയപ്പോള്‍ ഉടമ മറ്റൊരാള്‍ക്ക് കൈമാറിയതായി പരാതി.

അഴീക്കോട് കല്ലടത്തോട് ചുള്ളിയില്‍ പീടികയിലെ പി.എസ്.മുഹമ്മദ് ഹുസൈനാണ് കെട്ടിടം ഉടമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.

2019 ഫെബ്രുവരി 23 മുതല്‍ ചെറുതാഴം പഞ്ചായത്തിലെ കെട്ടിടം തളിപ്പറമ്പ് മന്നയിലെ ആറുമ്മാക്കാരകത്ത് മജീദിനോട് വാടകയ്ക്ക് വാങ്ങി മലബാര്‍ സ്വീറ്റ്‌സ് ഫാത്തിമ കാറ്ററിംഗ് എന്ന സ്ഥാപനം നടത്തിവരികയാണ് മുഹമ്മദ് ഹുസൈന്‍.

പ്രതിമാസം 10,500 രൂപയും ദിനംപ്രതി 350 രൂപയുമാണ് വാടയിനത്തില്‍ നല്‍കിവന്നിരുന്നത്.

2021 ഒക്ടോബര്‍ നാലിന് ഇടുക്കിയിലുള്ള ഉമ്മക്ക് അസുഖമാണെന്നറിഞ്ഞ് പോകുമ്പോള്‍ കെട്ടിടം ഉടമ നിര്‍ബന്ധപൂര്‍വ്വം താക്കോല്‍ വാങ്ങിയിരുന്നുവത്രേ.

വളരെ നല്ല ബന്ധം നിലനിര്‍ത്തിവരുന്നതിനാല്‍ താക്കോല്‍ ഏല്‍പ്പിക്കുകയും ചെയ്തതായി ഹുസൈന്‍ പറയുന്നു.

എന്നാല്‍ 24 ന് തിരിച്ചെത്തിയപ്പോള്‍ നടത്തിവന്ന സ്ഥാപനം മറ്റൊരാള്‍ക്ക് കൈമാറിയതായി മനസിലായി -ഈ വിവരം ഉടമ മജീദ് ഫോണില്‍ പറഞ്ഞതിനാല്‍ തന്റെ സാധനങ്ങള്‍ തിരികെയെടുക്കാന്‍

പോയപ്പോള്‍ കെട്ടിടം ഉടമയുടെ സഹായി ഫൈസല്‍ എന്നയാളും പുതിയ നടത്തിപ്പുകാരനും ചേര്‍ന്ന് കയ്യേറ്റം ചെയ്തതായി പരിയാരം പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ പരസ്പരം പറഞ്ഞ് തീര്‍ക്കാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും മജീദ് തയ്യാറായില്ലെന്നാണ് പരാതി.

പി.എം.ഇ.ജി.പിയില്‍ നിന്ന് 5 ലക്ഷവും മാടായി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് 2 ലക്ഷവും സ്വകാര്യ വ്യക്തിയില്‍ നിന്ന് 5 ലക്ഷവും

കടമായി വാങ്ങിയാണ് സംരംഭം തുടങ്ങിയതെന്നും കോവിഡ് കാലത്ത് നാലുമാസം വാടക കൊടുക്കാന്‍ സാധിക്കാതിരുന്നതല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നും നിലവിലില്ലെന്നും മജീദ് പറഞ്ഞു.

വാടകക്കാരനായ തന്നെ അറിയിക്കാതെ കെട്ടിടം മറ്റൊരാള്‍ക്ക് നല്‍കുകയും സാധനങ്ങള്‍ വിട്ടുതരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജീവിതം വഴിമുട്ടിയിരിക്കുകയാണെന്നും

തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തപക്ഷം കെട്ടിടം ഉടമയുടെ തളിപ്പറമ്പിലെ വീട്ടിന് മുന്നില്‍ സത്യാഗ്രഹം നടത്തുമെന്നും മുഹമ്മദ് ഹുസൈന്‍ പറഞ്ഞു.