തളിപ്പറമ്പിലെ ബുള്ളറ്റ് മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ്: തളിപ്പറമ്പ് പോസ്റ്റ് ഓഫീസ് വളപ്പില്‍ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍.
കരുവഞ്ചാല്‍ മീമ്പറ്റിയിലെ വലയി കരോട്ട് വീട്ടില്‍ അഗ്‌സതിയുടെ മകന്‍ വി.എ.റോയി(46)നെയാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 7 ന് ഉച്ചക്ക് ശേഷമാണ് തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിലെ സിസ്റ്റം മാനേജര്‍ പയ്യന്നൂര്‍ സ്വദേശി എം.വി.സനോജിന്റെ ബുള്ളറ്റ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്.
സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോല്‍ 3.15 നും 3.30 നും ഇടയില്‍ ഒരാള്‍ ബുള്ളറ്റുമായി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണങ്ങളിലാണ് പ്രതിയെ കണ്ടെത്തിയത്.
തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസില്‍ രജിസ്‌ട്രേഡ് തപാല്‍ അയക്കാനെത്തിയ റോയി ബുള്ളറ്റില്‍ താക്കോല്‍ കണ്ടതോടെ വാഹനമെടുത്ത് സ്ഥലംവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തളിപ്പറമ്പ് ഹൈവേയില്‍ റോയിയുടെ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നുവെങ്കിലും മോഷ്ടിച്ച ബുള്ളറ്റില്‍ മീമ്പറ്റിയിലെത്തിയ ഇയാള്‍ വാഹനം ആളൊഴിഞ്ഞ പറമ്പില്‍ ഉളിപ്പിച്ചശേഷം തിരികെ ബസില്‍ തളിപ്പറമ്പിലെത്തി സ്വന്തം ബൈക്കുമായി തിരിച്ച് വീട്ടിലെത്തി.
ഇതിനിടയില്‍ പോസ്റ്റ് ഓഫീസില്‍ രജിസ്‌ട്രേഡ് പോസ്റ്റ് അയക്കാനെത്തിയവരുടെ മേല്‍വിലാസം പോലീസ് ശേഖരിച്ചിരുന്നു.
മോഷ്ടാവിന്റെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഭയന്ന റോയി തന്റെ താടി ഷേവുചെയ്ത് വീട്ടിലെത്തിയത് വീട്ടുകാര്‍ക്കും സംശയത്തിനിടയാക്കി.
റോയി തന്നെയാണ് മോഷ്ടാവെന്ന് മനസിലായ പോലീസ് ഇന്നലെ മീമ്പറ്റിയിലെ വീട്ടിലെത്തി രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇത് പ്രകാരം ബന്ധുക്കള്‍ രാവിലെ സ്റ്റേഷനില്‍ ഹാജരാക്കിയ റോയിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
റോയി പ്രൊഫഷണല്‍ മോഷ്ടാവല്ലെന്നും ബുള്ളറ്റ് ബൈക്കില്‍ താക്കോല്‍ കണ്ടതോടെ പെട്ടെന്ന് തോന്നിയ ഉള്‍വിളിയില്‍ ബൈക്കുമായി പോകുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.