ഇപ്പൊ ശരിയാക്കാം-പറഞ്ഞിട്ട് കൊല്ലം ഒന്ന്-ജനത്തിന്റെ വിധി മഴ നനയാന്‍.
തളിപ്പറമ്പ്: ഉത്തരവാദപ്പെട്ടവര്‍ക്ക് അല്‍പ്പമെങ്കിലും ഇച്ഛാശക്തി ഉണ്ടായിരുന്നുവെങ്കില്‍ യാത്രക്കാല്‍ ഇത്തവണയെങ്കിലും മഴകൊള്ളാതെ ബസ് കാത്തുനില്‍ക്കുമായിരുന്നു.
തളിപ്പറമ്പ് ചിറവക്കില്‍ ബസ്‌ബേയും ബസ് ഷെല്‍ട്ടറുമൊക്കെ നിര്‍മ്മിക്കാനായി ഒന്നിനുപിറകെ ഒന്നായി വന്ന ഉന്നത ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും കണ്ട് പ്രദേശവാസികളുടെ കണ്ണ് തള്ളിപ്പോയിരുന്നു.
ഇത്തവണ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് സ്വപ്‌നം കണ്ടത് പക്ഷെ, വെറുതെയായി.
ഇപ്പൊ ശരിയാക്കിത്തരാം എന്ന് ഉത്തരവാദപ്പെട്ടവര്‍ വാഗ്ദാനം ചെയ്തിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ചിറവക്കില്‍ യാത്രക്കാര്‍ക്ക് മഴ നനയാന്‍ തന്നെ വിധി.
ദേശീയപാതയോട് സംസ്ഥാന പാത 36 ചേരുന്ന ചിറവക്ക് ജംഗ്ഷനില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ വേനലിലും മഴയിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ 2022 ലെ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ ചര്‍ച്ചയായത് ജൂലൈ മാസത്തിലാണ്.
നഗരസഭാ അധികൃതരും ആര്‍.ഡി.ഒ.യും സടകുടഞ്ഞ് എണീക്കുകയും സ്ഥലപരിശോധന നടത്തിയതും മണിക്കൂറുകള്‍ക്കകമാണ്. സ്‌പോണ്‍സറെ ലഭിച്ചിട്ടുണ്ടെന്നും ദിവസങ്ങള്‍ക്കകം ഷെല്‍ട്ടര്‍ ഉയരുമെന്നും അവര്‍ പറഞ്ഞത് പത്ര-ദൃശ്യ മാധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്തു.
എന്നാല്‍ വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഷെല്‍ട്ടര്‍ മാത്രം വന്നില്ല. ദേശീയപാതയോരത്ത് ബസ്‌ബേയും ഷെല്‍ട്ടറും നിര്‍മ്മിക്കുന്നതിനെതിരെ അക്കിപ്പറമ്പ് യു.പി.സ്‌കൂള്‍ പി.ടി.എ.യും മാനേജ്‌മെന്റും രംഗത്ത് വന്നത് കൊണ്ടാണ് ഷെല്‍ട്ടര്‍ നിര്‍മാണം മുടങ്ങിയതെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
ബസ്‌ബേ നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് സമീപവാസിയായ ഹോട്ടലുടമ വലിയ വീപ്പകളില്‍ ചെടികള്‍ നടുകയും ഇതിന് സമീപം ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഭാഗത്ത് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാവുന്നതാണെങ്കിലും നാട്ടുകാര്‍ വെയിലും മഴയും കൊണ്ട് കഷ്ടപ്പെടട്ടെ എന്ന നിലപാടിലാണ് അധികൃതര്‍.
നിരവധി ബദല്‍ സാധ്യതകള്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ഉത്തരവാദപ്പെട്ടവര്‍ ഉരുണ്ടു കളിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.