കഞ്ചാവ് കച്ചവടക്കാര്‍ പിടിയിലായി- സംഭവം തലശേരിയില്‍.

തലശേരി: കുപ്രസിദ്ധരായ രണ്ട് കഞ്ചാവ് കച്ചവടക്കാര്‍ തലശേരിയില്‍ എക്‌സൈസ് പിടിയിലായി.

തിരുവങ്ങാട് ചാലിലെ എം.പി.റെയീസ്, സിറാജ് എന്നിവരെയാണ് തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.

തലശ്ശേരി നാഷണല്‍ ഹൈവേയില്‍ നിന്നും ചാലില്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ ഉദ്ദേശം 75 മീറ്റര്‍ മാറി ഇടതുവശത്തുള്ള ഗോപാല്‍ സണ്‍സ് പായക്കച്ചവടം എന്ന ബോര്‍ഡ് വച്ച കടയുടെ മുന്‍വശത്തുവെച്ചാണ് 43ഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്.

പ്രതികളുടെ പേരില്‍ എന്‍ഡിപിഎസ് കേസെടുത്തു. തലശ്ശേരി കടല്‍പ്പാലം കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഇവരെ അതി സാഹസികമായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു.

തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. ബൈജേഷ്, വി.കെ.ഫൈസല്‍, വനിത സി ഇ ഒ മാരായ എം.ബീന, കാവ്യ, സീനിയര്‍ ഗ്രേഡ് എക്‌സ്സൈസ് ഡ്രൈവര്‍ കെ.ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.

തലശ്ശേരി എക്‌സൈസ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ശക്തമായ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തില്‍ 15 മയക്കുമരുന്ന് കേസുകളും അബ്കാരി കേസുകളുമെടുത്തിട്ടുണ്ട്.