ചുവപ്പുനാടകൾ അറുത്തുമാറ്റി സംരംഭക സൗഹൃദപരമായ സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറി: മുഖ്യമന്ത്രി

കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട
ആധുനികവത്കരണം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: പഴയ ചുവപ്പുനാടകളുടെ കെട്ടുപാടുകളെ അറുത്തുമാറ്റി, കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതി, സംരംഭക സൗഹൃദപരമായ ഒരു സമ്പദ് വ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കണ്ണൂർ ചൊവ്വയിലെ കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാം ഘട്ട ആധുനികവത്കരണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യവസായ മേഖലയിലെ മാറ്റങ്ങൾ യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും വ്യക്തമായ ആസൂത്രണത്തിന്റെയും നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലുകളുടെയും ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാലത്താണ്, 2019ൽ, കാനന്നൂർ കോ കോ ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലിന്റെ രണ്ടാംഘട്ട നവീകരണ പദ്ധതിക്ക് തുടക്കമിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20.68 കോടി രൂപ ചെലവിൽ ഈ സ്ഥാപനത്തിന്റെ ഭാവിയിലേക്കുള്ള വാതിൽ തുറക്കുന്ന ആധുനികവത്കരണമാണ് ഈ ഘട്ടത്തിൽ നടപ്പിലാക്കിയിട്ടുള്ളത്.
40 ലേറെ വർഷം പഴക്കമുള്ള ഇവിടുത്തെ യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കാണ്. ഇതുവഴി, പ്രതിദിനം മൂന്ന് ടൺ നൂൽ ഉൽപാദിപ്പിക്കുന്ന സ്ഥാനത്ത് ഇനി മുതൽ നാല് ടൺ നൂൽ ഉൽപാദിപ്പിക്കാനാകും. അതായത്, ഈ സ്ഥാപനത്തിന്റെ ഉല്പാദനക്ഷമതയും ഗുണമേന്മയും വർധിപ്പിക്കുന്നതിന് ഈ നവീകരണ പ്രവൃത്തി വഴിതെളിക്കും.

നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കണ്ണൂർ സഹകരണ സ്പിന്നിംഗ് മിൽ. ഇവിടെ ഉത്പാദിപ്പിക്കുന്ന നൂൽ മികച്ച ഗുണനിലവാരമുള്ളതായതിനാൽ, ഉൽപന്നം കെട്ടിക്കിടക്കുന്ന അവസ്ഥയുമില്ല. നമ്മുടെ സ്‌കൂൾ യൂണിഫോമിനുള്ള നൂൽ ഇവിടെ നിന്നാണ് കൊടുക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതിയുമുണ്ട്. ഉൽപാദനം വർധിക്കുന്നതോടുകൂടി കൂടുതൽ വിപണി കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും നടത്തണം.
പുതിയ യന്ത്രങ്ങൾ സ്ഥാപിക്കുമ്പോൾ, ജോലിഭാരം കുറയുകയും, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പുതിയ കാലഘട്ടത്തിനനുസരിച്ച് സ്വയം നവീകരിക്കാനും, വൈദഗ്ധ്യം വർധിപ്പിക്കാനും തൊഴിലാളികൾ തയ്യാറാകണം. ആധുനികവത്ക്കരണത്തിന്റെ ഗുണഫലം എല്ലാ തൊഴിലാളികൾക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭരണസമിതിയും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സ്പിന്നിംഗ് മില്ലിന്റെ നവീകരണം, കണ്ണൂർ ജില്ലയുടെയും സമീപ പ്രദേശങ്ങളിലെയും സാമ്പത്തിക രംഗത്തിന് വലിയ ഉത്തേജനമാകും. ഈ കാഴ്ചപ്പാടോടെ, ആഗോള വിപണിയിലെ മത്സരങ്ങളെ നേരിടാൻ കഴിയുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഇവിടെ നിന്നുണ്ടാകണം. നൂൽ ഉത്പാദനത്തിൽ മാത്രം ഒതുങ്ങാതെ, ടെക്സ്‌റ്റൈൽ മേഖലയിലെ മറ്റ് സാധ്യതകൾ കൂടി ഉപയോഗപ്പെടുത്താൻ ഭരണസമിതി തയ്യാറാകണം.
ഇവിടെ ഉത്പാദിപ്പിക്കുന്ന നൂലിന് ആഭ്യന്തരമായും, അന്താരാഷ്ട്ര തലത്തിലും മികച്ച വിപണി കണ്ടെത്താൻ കഴിയണം. അതിനുള്ള പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
തികച്ചും വ്യവസായ സൗഹൃദപരമായ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ കേരളത്തിലെ വ്യവസായ രംഗത്തു വന്നിട്ടുള്ള മാറ്റങ്ങൾ വിവരണാതീതമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ നാട്ടിൽ വ്യവസായം വരില്ലെന്ന് പ്രചരിപ്പിച്ചവരുണ്ട്. പുതിയ സംരംഭങ്ങൾക്ക് ഇവിടെ സ്ഥാനമില്ലെന്ന് പറഞ്ഞവരുമുണ്ട്. എന്നാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ കേരളത്തിന്റെ വ്യവസായ രംഗത്ത് വന്ന മാറ്റങ്ങൾ, അവരുടെ ദുഷ്പ്രചരണങ്ങൾക്കുള്ള ശക്തമായ മറുപടിയാണ്.

ഭക്ഷ്യസംസ്‌കരണം, ടൂറിസം, ടെക്സ്‌റ്റൈൽസ് തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടു. സൂക്ഷ്മ-ചെറുകിട സംരംഭ മേഖലയിൽ വന്ന മാറ്റം, നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു. ഒപ്പം കേരളത്തിലെ ജനങ്ങൾക്ക് സ്വന്തമായി വ്യവസായം തുടങ്ങാൻ കഴിയുമെന്ന ആത്മവിശ്വാസം പകർന്നുനൽകാൻ സർക്കാരിനു സാധിക്കുകയും ചെയ്തു.

ചെറുകിട വ്യവസായങ്ങൾ സമൃദ്ധമായി വളർന്നു. വൻകിട കമ്പനികളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതിലും കേരളം വിജയിച്ചു. കേന്ദ്ര സർക്കാരിന്റെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ റാങ്കിംഗിൽ കേരളം കൈവരിച്ച വലിയ മുന്നേറ്റം നമ്മുടെ പരിഷ്‌ക്കാരങ്ങൾക്കുള്ള ഏറ്റവും വലിയ തെളിവാണ്.

രാജ്യത്തെയും വിദേശത്തെയും പ്രമുഖ കമ്പനികൾ നിക്ഷേപം നടത്താനായി കേരളത്തിലേക്ക് വരുന്നു. ഐടി, ഇലക്ട്രോണിക്സ്, ഫിൻടെക് തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ നിരവധി കമ്പനികൾ കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ പ്രവർത്തനമാരംഭിച്ചു.

ഉയർന്ന വിദ്യാഭ്യാസമുള്ള, വൈദഗ്ദ്ധ്യമുള്ള തൊഴിലാളി സമൂഹമാണ് കേരളത്തിലേക്ക് വരാൻ വൻകിട കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇത് കേരളത്തിന്റെ മികച്ച തൊഴിൽ അന്തരീക്ഷത്തിലും പ്രൊഫഷണൽ സമീപനത്തിലും അവർക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നു. മാത്രമല്ല, കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ ഇന്ന് പുതിയ കാലഘട്ടത്തിന്റെ ആവശ്യകതകൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തിവരുന്നത്. അനാവശ്യമായ സമരങ്ങളും വ്യവസായ തർക്കങ്ങളും നമ്മുടെ നാട്ടിലില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.
കണ്ണൂർ കോർപറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ, ഡോ. വി ശിവദാസൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ.കെ രത്‌നകുമാരി, ബിപിടി ചെയർമാൻ അജിത് കുമാർ എന്നിവർ വിശിഷ്ടാതിഥികളായി.

സ്പിന്നിംഗ് മിൽ ചെയർമാൻ എം പ്രകാശൻ മാസ്റ്റർ, കോർപറഷേൻ കൗൺസിലർ സിഎച്ച് അസീമ, ഹാൻവീവ് ചെയർമാൻ ടികെ ഗോവിന്ദൻ മാസ്റ്റർ, എൻസിഡിസി റീജ്യനൽ ഡയറക്ടർ കെഎൻ ശ്രീധരൻ, ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ ഡോ. കെ.എസ് കൃപകുമാർ, വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി ആർ ദിലീപ്കുമാർ, ടെക്‌സ്‌ഫെഡ് എംഡി എബി തോമസ്, സിഐടിയു ജില്ലാ ട്രഷററർ അരക്കൻ ബാലൻ, ഐൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി വിവി ശശീന്ദ്രൻ, എഐടിയുസി സംസ്ഥാന വൈസ് പ്രസിഡൻറ് താവം ബാലകൃഷ്ണൻ, കെസിഇയു സംസ്ഥാന സെക്രട്ടറി എംഎം മനോഹരൻ, കെസിഇഎഫ് ജില്ലാ പ്രസിഡൻറ് കെവി അഗീഷ് കുമാർ, സ്പിന്നിംഗ് മിൽ പിഎം പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

മുൻ ചെയർമാൻമാർ, മാനേജിംഗ് ഡയറക്ടർമാർ എന്നിവരെ ആദരിച്ചു. ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡുകൾ സമ്മാനിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.