കള്ളവോട്ട്-ആറുപേര്‍ക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തു.

കണ്ണപുരം: കള്ളവോട്ട് ചെയ്ത സി.പി.എം നേതാവിനും അതിന് ഒത്താശ ചെയ്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കണ്ണപുരം പോലീസ്‌കേസെടുത്തു.

സി.പി.എം നേതാവ് കപ്പോത്ത്കാവിലെ ഗണേശന്‍, സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വി.വി.പൗര്‍ണമി, ഓഫീസ് അസി.ടി.കെ പ്രജിന്‍, മൈക്രോ ഒബ്‌സര്‍വര്‍ എ.ഷീല, വീഡിയോഗ്രാഫര്‍ പി.പി.റെജു അമല്‍ജിത്ത്, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ലജീഷ് എന്നിവരുടെ പേരിലാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി (മൂന്ന്)യുടെ അനുമതിയോടെ വിവിധ വകുപ്പുകള്‍ പ്രകാരം കണ്ണപുരം ഇന്‍സ്‌പെക്ടര്‍ കെ.സുഷീര്‍ കേസെടുത്തത്.

ഇന്നലെ ആയിരുന്നു അഞ്ചാംപീടികയിലെ ഇടക്കാടന്‍ വീട്ടില്‍ കെ.ദേവിയുടെ(92) വോട്ട് ഗണേശന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കള്ളവോട്ടായി ചെയ്തത്. പോലീസ് കേസെടുത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.