കാത്ത്‌ലാബ്-ഫോറന്‍സിക് വിദഗ്ദ്ധ പരിശോധിച്ചു-റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം-

പരിയാരം: കാത്ത്‌ലാബ് നശിപ്പിച്ച സംഭവത്തില്‍ വിദഗ്ദ്ധ പരിശോധന നടത്തി.

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലെ സീനിയര്‍ ഫിസിക്‌സ് സയന്റിഫിക് ഓഫീസര്‍ റിനി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്.

ഇന്ന്  രാവിലെ പതിനൊന്നോടെ പരിയാരത്തെത്തിയ ഇവര്‍ രണ്ട് മണിക്കൂറോളം സമയം കാത്ത്‌ലാബ് പരിശോധിച്ചു.

വിവിധ ആംഗിളില്‍ ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തി. കാത്ത്‌ലാബിന് കേടുപാടുകള്‍ സംഭവിച്ചത് ബാഹ്യസമ്മര്‍ദ്ദം കാരണമാണോ എന്നാണ് പരിശോധിക്കുന്നത്.

ഇവരുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ പോലീസിന് കൈമാറും.

ഇതിന് ശേഷമായിരിക്കും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. പോലീസ് ഇപ്പോഴും ജീവനക്കാരുടെ മൊഴിയെടുക്കലും ചോദ്യംചെയ്യലും തുടരുന്നുണ്ടെങ്കിലും ഫോറന്‍സിക് സയന്‍സ്

ലാബിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പ്രതികളുടെ അറസ്റ്റ് ഉള്‍പ്പെടെ നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പരിയാരം ഐ.പി കെ.വി.ബാബു പറഞ്ഞു. 

കോളേജ് അധികൃതരില്‍ നിന്നും കാര്‍ഡിയോളജി വകുപ്പ് മേധാവിയില്‍ നിന്നും സയന്റിഫിക് ഓഫീസര്‍ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പരിയാരം പോലീസ് ഉള്‍പ്പെടെയുള്ളവരും പരിശോധനയില്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്നാണ് വിവരം.