ഹൃദയാലയയെ തകര്‍ക്കാന്‍ ഗവേഷണ ബുദ്ധി-കാത്ത്‌ലാബുകള്‍ മൂന്നും നിശ്ചലം-
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: കാത്ത്‌ലാബുകള്‍ മൂന്നും പണിമുടക്കി, നിരവധി രോഗികള്‍ മടങ്ങിപ്പോയി.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി(ഹൃദയാലയ) വിഭാഗത്തിലെ മൂന്ന് കാത്ത്‌ലാബുകളുടെയും പ്രവര്‍ത്തനം നിലച്ചതോടെയാണ് എല്ലാ ശത്രക്രിയകളും മുടങ്ങിയത്.
ഇന്നലെ ആശുപത്രിയിലെത്തിയ നിരവധി രോഗികളാണ് ഇത് കാരണം മടങ്ങിപ്പോയത്.
രോഗികളും ബന്ധുക്കളും ബഹളംവെച്ചുവെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു.
ഇക്കഴിഞ്ഞ നവംബര്‍ 18 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്ത കാത്ത്‌ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്.
കാത്ത്‌ലാബുമായി ബന്ധിപ്പിച്ച എ.സി.പ്ലാന്റ് കാലപ്പഴക്കം കാരണം പ്രവര്‍ത്തിക്കാത്തതാണ് കാത്ത്‌ലാബുകളെ ബാധിച്ചിരിക്കുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
എ.സി.പ്ലാന്റ് നവീകരിക്കണമെന്ന് അഞ്ച് വര്‍ഷം മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും നടന്നില്ല. മൂന്ന് കാത്ത്‌ലാബുകള്‍ക്കുമായി രണ്ട് പ്ലാന്റുകളാണുള്ളത്.
പ്രതിദിനം നാല്‍പ്പതിനും അന്‍പതിനും ഇടയില്‍ ആഞ്ജിയോപ്ലാസ്റ്റിയും ആഞ്ജിയോഗ്രാമും നടത്തുന്ന കാത്ത്‌ലാബുകള്‍ പ്രവര്‍ത്തനം നിലച്ചതോടെ പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ കാര്‍ഡിയോളജി ആശുപത്രികളെ ശരണം പ്രാപിക്കേണ്ടി വന്നിരിക്കയാണ്.
രണ്ട് കാത്ത്‌ലാബുകളും കാലാവധി കഴിഞ്ഞതാണെങ്കിലും മാറ്റിസ്ഥാപിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ല. ആവശ്യത്തിന് ഫണ്ടുകളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം.
ഒരു ദിവസം 30 പേരാണ് ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കുന്നത്. ഹൃദയാലയയെ എങ്ങിനെ നശിപ്പിക്കാം എന്ന കാര്യത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഗവേഷണം നടത്തുന്നവരാണ് ഇന്നത്തെ ദു:സ്ഥിതിക്ക് കാരണമെന്നാണ് പൊതുജനാരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.