പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു- കാത്ത് ലാബ് തകര്‍ക്കല്‍ കേസ് അന്വേഷണം അവസാനിപ്പിച്ചു.
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: പരിയാരം പോലീസും മെഡിക്കല്‍ കോളേജ് ഉന്നതരും ഒത്തുകളിച്ചു, കാത്ത് ലാബ് കേസ് മുക്കി.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്ലാബ് തകര്‍ത്ത കേസിന്റെ അന്വേഷണം പോലീസ് രഹസ്യമായി അവസാനിപ്പിച്ചു.
ഒരുവര്‍ഷം മുമ്പായി തന്നെ കേസ് സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുയ്യം ലൗഷോറിലെ എ.വി.രവീന്ദ്രന്‍ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയായാണ് ഈ വിവരം ലഭിച്ചത്.
2023 ജനുവരി 31 നാണ് ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് കോടതിമുമ്പാകെ സമര്‍പ്പിച്ചത്.
2021 നവംബര്‍ 18 ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്ത അഞ്ചരകോടി രൂപ മുതല്‍മുടക്കിയ ജി.ഇ.ഇന്നോവ കമ്പനിയുടെ പുതിയ കാത്ത്ലാബ് 2022 മാര്‍ച്ച് 22 ന് കമ്പനി അധികൃതര്‍ സര്‍വീസ് നടത്തി കാര്യക്ഷമത ഉറപ്പുവരുത്തിയിരുന്നു.
ഏപ്രില്‍ 28 നാണ് കാത്ത്ലാബിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയില്‍ കണ്ടത്.
10 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുകാരണം സംഭവിച്ചതെന്ന് കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.എസ്.എം.അഷറഫ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തുകയും കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്റിഫിക് ലാബിലെ ഫിസിക്സ് വിഭാഗം സയന്റിഫിക് ഓഫീസര്‍ റിനി തോമസ് മെയ്- 6 ന് പരിശോധന നടത്തുകയും ചെയ്തിരുന്നു.
ബലമുള്ള എന്തോ വസ്തു ഉപയോഗിച്ച് ശക്തമായി അമര്‍ത്തിയത് കാരണമാണ് കാത്ത്ലാബിന് കേടുപാടു സംഭവിക്കാന്‍ ഇടയായതെന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ്പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഇതിന്റെ അന്വേഷണത്തിനായി പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ സി.ഐ കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം തന്നെ രൂപീകരിക്കപ്പെട്ടിരുന്നു.
ഇത് മന:പൂര്‍വ്വം ചെയ്തതോ അബദ്ധവശാല്‍ സംഭവിച്ചതോ എന്ന് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ കേസ് ഇനിയും അന്വേഷിക്കുന്നതില്‍ പ്രയോജനം ഇല്ലെന്ന ഉത്തമവിശ്വാസത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇത് തെളിയിക്കാന്‍ പറ്റാത്ത കേസായി കണക്കാക്കണമെന്നും റിപ്പോര്‍ട്ടില്‍ അവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കപ്പെട്ടതല്ലാതെ ഒരു വിധത്തിലുള്ള തുടരന്വേഷണവും നടത്താതെയാണ് പോലീസ് കേസ് അവസാനിപ്പിച്ചതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍എ.വി.രവീന്ദ്രന്‍ പറയുന്നു.
കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി രവീന്ദ്രന്‍ പറഞ്ഞു. കേസ് ചാപിള്ളയായി മാറിയതിന് പിന്നില്‍ പോലീസും മെഡിക്കല്‍കോളേജിലെ ചില ഉന്നതരും ഒത്തുകളിച്ചതായി സംശയിക്കേണ്ടതുണ്ടെന്നും, കേസ് രഹസ്യമായി അവസാനിപ്പിച്ചതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രതിയിലേക്ക് അന്വേഷണം നീണ്ട ഘട്ടത്തിലാണ് ഇടപെടലുണ്ടായതെന്ന സംശയം ബലപ്പെട്ടിരിക്കയാണ്.

