കാത്ത്‌ലാബ് സംഭവം-മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും.

 

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും.

കോളേജ് തല അന്വേഷണത്തില്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ പ്രിന്‍സിപ്പല്‍ ഡോ:കെ.അജയകുമാര്‍ മുമ്പാകെ

സമര്‍പ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കി തുടരന്വേഷണം വേണമെന്ന കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കുന്നത്.

മെഡിക്കല്‍ കോളേജ് അധികൃതര്‍ നിയോഗിച്ച ആറ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്മാര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഫൈബര്‍  ഉപയോഗിച്ച് നിര്‍മ്മിച്ച കാത്ത്‌ലാബിന്റെ പുറംകവറിന് നാശം വന്നിട്ടുള്ളതായി ബോധ്യമായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കവറിനുള്ള പൊട്ടലിന് 9,76,000 രൂപയുടെ നഷ്ടം വന്നതായി പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതായി അറിയുന്നു.

ഈ പുറം കവര്‍ ഒന്നാകെ മാത്രമെ മാറ്റാന്‍ പറ്റുവെന്നും ആയതിന് ചിലവാകുന്ന തുകയായി കമ്പനി അറിയിച്ചതാണ് ഈ ചിലവെന്നും അറിയുന്നു.

ഇതെങ്ങനെ സംഭവിച്ചു എന്ന് പോലീസ് അന്വേഷണത്തിലൂടെ മാത്രമേ ആറിയാനാവൂ എന്ന നിലപാടിലാണ് കമ്മീഷന്‍.

അതിനിടെ ആരോപണ വിധേയനായ ഒരു സീനിയര്‍ ഡോക്ടര്‍ക്കെതിരെയുള്ള വകുപ്പുതല ശിക്ഷാനടപടികളും ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.