മുംബൈ പോലീസും സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: മുംബൈ പോലീസും സി.ബി.ഐ. ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ കേസെടുത്തത്.

ഇന്ത്യന്‍ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു.

ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്ന് പ്രതികളുടെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായാണ് പരാതി.

ഗണേഷ് കുമാറിന്റെ പേരില്‍ മൊബൈല്‍ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നും കേസില്‍ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്.