ഉപയോഗശൂന്യമായി നൂറിലേറെ ചാക്ക് സിമന്റ്-ഉപേക്ഷിച്ച് കരാറുകാരന്‍ സ്ഥലംവിട്ടു.

തളിപ്പറമ്പ്: ഉപയോഗശൂന്യമായ സിമന്റ് ഉപേക്ഷിച്ച് കരാറുകാരന്‍ സ്ഥലംവിട്ടത് സംശയങ്ങള്‍ക്കിടയാക്കുന്നു.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയുടെ നവീകരണത്തിനായി രണ്ട് വര്‍ഷം മുമ്പ് സംഭരിച്ചുവെച്ച സിമന്റാണ് ഉപയോഗശൂന്യമായത്.

നൂറിലേറെ ചാക്ക് സിമന്റാണ് കരിമ്പം ഫാമിലെ പഴയ കൃഷിഭവന്‍ കെട്ടിടത്തിനകത്ത് ഉപേക്ഷിച്ചത്.

മുഴുവന്‍ സിമന്റും കട്ടകെട്ടിയ നിലയിലാണ്. ഇവ അടിയന്തിരമായി മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുതന്നെ ഒരു വര്‍ഷത്തിലേറെയായി.

ഇവിടെ നിന്ന് കൊണ്ടുപോയാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് കരാറുകാരന്‍ ഒന്നും ചെയ്യാത്തതെന്നാണ് വിവരം.

റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി കള്‍വര്‍ട്ട് പണിയാനാണ് സിമന്റ് കൊണ്ടുവന്നത്.

നിര്‍മ്മാണം പൂര്‍ത്തീകരിച്ച കള്‍വര്‍ട്ടിന് വേണ്ടരീതിയില്‍ സിമന്റ്ഉപയോഗിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കള്‍വര്‍ട്ടിന്റെ സുരക്ഷിതത്വം സംബന്ധിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.

മുഴുവന്‍ സിമന്റും കള്‍വര്‍ട്ടിന്റെയും റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് കൊണ്ടുവന്നതെന്നാണ് തൊഴിലാളികള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്.

കള്‍വര്‍ട്ടിന് സമീപത്തെ പഴയ കൃഷിഭവന്‍ കെട്ടിടത്തില്‍ സിമന്റ് സൂക്ഷിക്കുന്ന വിവരം കരാറുകാരന്‍ ഫാം അധികൃതരെ അരിയിച്ചിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്.

ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.