സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ തലശ്ശേരി വെയര്‍ഹൗസ് നവംബര്‍ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും–
തലശേരി: സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ സംസ്ഥാനത്തെ പന്ത്രണ്ടാമത്തെ വെയര്‍ ഹൗസ് തലശ്ശേരിയിലെ കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ നവംബര്‍ 26-ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കെ മുരളീധരന്‍ എം പി അധ്യക്ഷത വഹിക്കും. എ എന്‍ ഷംസീര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
57100 ചതുരശ്ര അടിയിലുള്ള വെയര്‍ ഹൗസിന്റെ സംഭരണ ശേഷി 12520 മെട്രിക് ടണ്‍ ആണെന്ന് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ വി പ്രദീപ്കുമാര്‍ കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തലശ്ശേരി കിന്‍ഫ്ര സ്മാള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ നിന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത 3.71 ഏക്കര്‍ ഭൂമിയില്‍ പണി കഴിപ്പിച്ചതാണ് സെന്‍ട്രല്‍ വെയര്‍ഹൗസ്, തലശ്ശേരി. 12.50 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം നടത്തിയത്.
ആധുനിക വെയര്‍ഹൗസിംഗ് സംവിധാനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മികച്ച നിലവാരത്തിലുള്ള റോഡുകള്‍, ആധുനിക അഗ്‌നിശമന സാമഗ്രികള്‍, ലോറി വെയ്ബ്രിഡ്ജ്,
മഴക്കാലത്തും കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താവുന്ന കാനോപ്പി റൂഫിംഗ്, സമുച്ചയത്തിന്റെ സുരക്ഷക്കായി 24 മണിക്കൂര്‍ സെക്യൂരിറ്റി സി സി ടി വി സംവിധാനങ്ങള്‍ തുടങ്ങിയവ ഈ വെയര്‍ഹൗസിലുണ്ട്.
സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ മറ്റ് വെയര്‍ഹൗസുകളിലെന്ന പോലെ, തദ്ദേശീയരായ നിരവധി ആളുകള്‍ക്ക് കയറ്റിറക്ക് മേഖലയിലും മറ്റ് അനുബന്ധ മേഖലകളിലും പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭ്യതയും ഈ വെയര്‍ ഹൗസ് ഉറപ്പാക്കുന്നു.
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ രാജ്യത്തെമ്പാടുമായി 101.44 ലക്ഷം മെട്രിക് ടണ്‍ സംഭരണശേഷിയുള്ള 415 വെയര്‍ ഹൗസുകളുമായി പ്രവര്‍ത്തനം നടത്തിവരുന്നു.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, നാഫെഡ്, വിവിധ വളം നിര്‍മ്മാതാക്കള്‍, കര്‍ഷകര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുവാനുള്ള സൗകര്യവും അതിന്റെ ലോജിസ്റ്റിക്ക്‌സിനുള്ള സഹായവും നല്‍കുകയെന്നതാണ് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്റെ പ്രാഥമിക ലക്ഷ്യം.
രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുവാന്‍ ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്യപ്പെട്ട ജനറല്‍ വെയര്‍ഹൗസുകള്‍ക്ക് പുറമെ കണ്ടെയ്‌നര്‍ െ്രെഫറ്റ് സ്‌റ്റേഷനുകള്‍, ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോകള്‍, എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍ തുടങ്ങിയ ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും രാജ്യത്തെമ്പാടും ഒരുക്കിയിട്ടുണ്ട്.
പൊതുവിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ കേന്ദ്ര പൂള്‍ സ്‌റ്റോക്ക് ചെയ്യുന്നതില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു.
ഭക്ഷ്യ ധാന്യങ്ങളിലെ കീടനിയന്ത്രണം, എലി നിയന്ത്രണം, കെട്ടിട നിര്‍മ്മാണത്തിന് മുമ്പും ശേഷവുമുള്ള ചിതല്‍ നിയന്ത്രണം, അണുനശീകരണം തുടങ്ങിയ മേഖലകളില്‍ വര്‍ഷങ്ങളായി തെളിയിക്കപ്പെട്ട വൈദഗ്ധ്യവുമായി രാജ്യത്തെ കീടനിയന്ത്രണ സേവന രംഗത്ത് സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ശക്തമായ സാന്നിദ്ധ്യമാണ്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ ഏയര്‍വെയ്‌സ് തുടങ്ങിയ വിമാന കമ്പനികളുടെ വിമാനങ്ങളിലെ കീടഅണു നശീകരണ പ്രവര്‍ത്തങ്ങള്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ വര്‍ഷങ്ങളായി നടത്തിപ്പോരുന്നു.
തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ കീടനിയന്ത്രണത്തിന്റെ ചുമതലയും റെയില്‍വേയുടെ നിരവധി തീവണ്ടികളിലെ കീടനിയന്ത്രണ ചുമതലയും സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ബി ആര്‍ മനീഷ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാജന്‍ ഭാസ്‌ക്കര്‍, എസ് ഐ ഒ എ മന്‍സൂര്‍, തലശ്ശേരി വെയര്‍ഹൗസ് മാനേജര്‍ രേണുക രാമചന്ദ്രന്‍, രചന, ബി ഉദയഭാനു എന്നിവരും സംബന്ധിച്ചു.