ഗര്‍ഭാശയഗള കാന്‍സര്‍ നിര്‍ണയക്യാമ്പ് മാര്‍ച്ച് 12 ന്–പുണ്യം പൂങ്കാവനവും കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സൊസൈറ്റിയും കൈകോര്‍ക്കുന്നു-

തളിപ്പറമ്പ്: മലബാര്‍ ദേവസ്വം ബോര്‍ഡ് പുണ്യം-പൂങ്കാവനം കണ്ണൂര്‍ ജില്ല, കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവ സംയുക്തമായി ഗര്‍ഭാശയ ഗള കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

35 നും 55 നും മദ്ധ്യേ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭാശയ കാന്‍സര്‍ പരിശോധനയും ബോധവത്ക്കരണ ക്ലാസ്സും മാര്‍ച്ച് 12 ന് ശനിയാഴ്ച കാലത്ത് കള്‍ച്ചറര്‍ സെന്റര്‍ ലൈബ്രറിക്ക് സമീപം (തൃച്ചംബരം) നടക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ ജില്ല കോഓര്‍ഡിനേറ്റര്‍ പുണ്യം പൂങ്കാവനം പദ്ധതി കെ.സി. മണികണ്ഠന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.

പുണ്യം പൂങ്കാവനം കണ്‍വീനര്‍ പി.വി.സതീഷ്‌കുമാര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി സ്ഥാപകനും പ്രസിഡന്റുമായ ഡി.കൃഷ്ണനാഥ പൈ, ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍, സതീശന്‍ തില്ലങ്കേരി ഗിരീശന്‍ പി. കീച്ചേരി, പി.സുന്ദരന്‍ എന്നിവര്‍ പ്രസംഗിക്കും.

ഗര്‍ഭാശയ കാന്‍സര്‍ ലളിതമായ പരിശോധനയിലൂടെ 5 വര്‍ഷം മുന്‍കൂട്ടി കണ്ടെത്താനാകും. നേരത്തേയുള്ള ദശയില്‍ കണ്ടെത്താനായാല്‍ 45 മിനിറ്റു കൊണ്ട് ലളിതമായ ചികിത്സയിലൂടെ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും.

സ്തനാബുര്‍ദവും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് പൂര്‍ണ്ണമായും സുഖപ്പെടുത്താനാവും. വായയിലെ കാന്‍സറും മറ്റു പല കാന്‍സറും നേരത്തെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാനുമാവും.

സാമ്പത്തികമായി പിന്നോക്കമുള്ളവര്‍ക്ക് ഈ പരിശോധന തന്നെ ബാലികേറാമലയാണ്. ഇവിടെ നല്‍കുന്ന സൗജന്യ പരിശോധന പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്ന് സംഘാടര്‍ അഭ്യര്‍ത്ഥിച്ചു.

ഗര്‍ഭാശയ ഗള കാന്‍സറിന് മുന്നോടിയായുള്ള ലക്ഷണം കണ്ടെത്തുന്നവര്‍ക്ക് സുരക്ഷിതവും വേദനരഹിതവും വെറും 45 മിനിറ്റു കൊണ്ട് ചെയ്യാവുന്നതുമായ കോള്‍ഡ് കൊയാഗുലേഷന്‍ ചികിത്സയും നല്‍കുന്നതാണ്.

ഇതിനു പുറമേ വായയിലെ കാന്‍സര്‍ സാദ്ധ്യത ലക്ഷണമുള്ളവര്‍ക്കും സ്തനാര്‍ബുദ സാദ്ധ്യത ലക്ഷണമുള്ളവര്‍ക്കും പരിശോധന ലഭ്യമായിരിക്കും.

കാന്‍സര്‍ സൊസൈറ്റി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹര്‍ഷ ഗംഗാധരന്‍, ഡോ. ടി.ആര്‍.ദീപ്തി എന്നിവര്‍ ക്ലാസുകള്‍ക്കും പരിശോധനകള്‍ക്കും നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 9744455500 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യാം.

അതല്ലെങ്കില്‍ ക്യാമ്പ് ദിവസം 8 മണി മുതല്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. പരിശോധന സമയം : കാലത്ത് 9 മണി 3.30 വരെ. ഒരു ദിവസം 100 പേര്‍ക്ക് മാത്രം.