ചന്ദന മോഷണസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍-രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു, 13.900 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു.

തളിപ്പറമ്പ്: ചന്ദനമോഷണസംഘത്തിലെ രണ്ടുപേര്‍ 13.900 കിലോ ചന്ദനവുമായി അറസ്റ്റില്‍, രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

പാടിയോട്ടുചാല്‍ പൊന്നംവയലിലെ പുതിയടവ് വീട്ടില്‍ പി.ജയനാരായണന്‍(43), പെരിങ്ങാലയിലെ പുത്തന്‍പറമ്പ് ഇ.ജെ.സണ്ണി പൗലോസ്(56)എന്നിവരെയാണ് തളിപ്പറമ്പ് ഫാറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇവരില്‍ നിന്ന് ശുദ്ധമായ ചന്ദനമുട്ടികളും മഴു ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

ഷൈജന്‍, വാവ എന്ന ശ്രീജിത്ത് എന്നിവരരാണ് ഓടിരക്ഷപ്പെട്ടത്.

ചന്ദനം കടത്താന്‍ ഉപയോഗിച്ചകെ.എല്‍-59-ഇ-8590 ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇന്ന് വൈകുന്നേരം വനംവകുപ്പ്‌സംഘം ഇവരെ പിടികൂടിയത്.

പിടിച്ചെടുത്ത ചന്ദനത്തിന് ഏകദേശം 30,000 രൂപ വിലമതിക്കുമെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചന്ദനം മോഷ്ടിക്കുന്നത് ഇവരാണെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.

ഓടിരക്ഷപ്പെട്ടവരര്‍ ഈ സംഘത്തിലെ പ്രധാന കണ്ണികളാണെന്നും ഇവരെ പിടികൂടാനായി തെരച്ചില്‍ ആരംഭിച്ചതായും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

അടുത്തകാലത്തായി മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന്‍, പറശിനിക്കടവ്, പരിയാരം ചെറുവിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് ചന്ദനം മോഷണംപോയിരുന്നു.

ഇവരെ കൂടുതലായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

മോഷ്ടിക്കുന്ന ചന്ദനമരങ്ങള്‍ ചെറിയ കഷണങ്ങളാക്കി ഓട്ടോറിക്ഷയില്‍ കടത്തുകയാണ് ഇവരുടെ രീതി.

അറസ്റ്റിലായ സണ്ണി പൗലോസിന്റെ ഓട്ടോ ചന്ദനം കടത്താന്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

വനംവകുപ്പ് സംഘത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.മധു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.കെ.ജിത്തു, മിന്നു ടോമി എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.