രാജേഷ് നമ്പ്യാര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ വീണ്ടും വഞ്ചനക്കേസ്.
തളിപ്പറമ്പ്: രാജേഷ് നമ്പ്യാര്‍ക്കെതിരെ തളിപ്പറമ്പില്‍ വീണ്ടും വഞ്ചനക്കേസ്. ഇയാളുടെ കൂട്ടാളികളായ വിഘ്‌നേഷ് നമ്പ്യാര്‍, സി.കെ.ജിതിന്‍ പ്രകാശ് എന്നിവര്‍ക്കെതിരെയും തളിപ്പറമ്പ് പോലീസ് കേസെടുത്തു.
പറശിനിക്കടവ് കോടല്ലൂരിലെ കലിക്കോട്ട് വീട്ടില്‍ കെ.ദേവരാജനാണ്(56) 31,05,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായി പരാതി നല്‍കിയത്.
ആംഷെ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാല്‍ ഡിവിഡന്റ് നല്‍കാമെന്നും മകള്‍ക്ക് ഉയര്‍ന്ന ശമ്പളത്തില്‍ കമ്പനിയില്‍ ജോലി നല്‍കാമെന്നും വിശ്വസിപ്പിച്ച് 2022 മാര്‍ച്ച് 21 മുതല്‍ ഭാര്യയുടെയും മകളുടെയും അക്കൗണ്ടുകളില്‍ നിന്ന് 5 തവണകളിലായി
25 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും ഡിവിഡന്റോ പണമോ നല്‍കാതെ വഞ്ചിച്ചെന്നും മകള്‍ക്ക് ജോലി ചെയ്ത വകയില്‍ 6,05,000 രൂപ ശമ്പള കുടിശ്ശിക നല്‍കാനുണ്ടെന്നുമാണ് പരാതി. ആകെ 31,05,000 രൂപയുടെ വഞ്ചന നടത്തിയെന്നും ദേവരാജന്റെ പരാതിയില്‍ പറയുന്നു.
തളിപ്പറമ്പ് കാക്കാഞ്ചാലിലെ എ.പി.ശിവദാസനെ 25 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇക്കഴിഞ്ഞ മെയ്-21 ന് തളിപ്പറമ്പ് പോലീസ് ഈ മൂന്ന് പേര്‍ക്കുമെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തിരുന്നു.