മുഴുവന്‍ സഹോദരമതസ്ഥര്‍ക്കും സ്വാഗതം–സഹോദരസ്‌നേഹം ബോര്‍ഡ് വെച്ച് തെളിയിക്കേണ്ടെന്നും മനസിലുണ്ടെന്നും ജുമാഅത്ത് കമ്മറ്റി.

കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: ചെമ്മട്ടിലാ ജുമാമസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം- കുഞ്ഞിമംഗലം അങ്ങാടിയിലെ പ്രശസ്തമായ ചെമ്മട്ടിലാ ജുമാമസ്ജിദിന് മുന്നില്‍ ഇന്നലെ നടന്ന ഇഫ്താര്‍സംഗമത്തിന് മുന്നോടിയായിട്ടാണ് ഇത്തരമൊരു പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.
ഇന്ന് നടക്കുന്ന അവസാനത്തെ വെള്ളിയാഴ്ച്ചയിലെ ഇഫ്താര്‍സംഗമത്തിലും വിവിധ മതസ്ഥരായ ആളുകള്‍ പങ്കെടുക്കുമെന്ന് മസ്ജിദ് അധികൃതര്‍ പറഞ്ഞു.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ചെമ്മട്ടിലാ ജുമാമസ്ജിദ് വര്‍ഷങ്ങളായി ഇതര മതസ്ഥരായ ആളുകളുടെയും ആരാധനാ കേന്ദ്രമാണ്.
മുഹമ്മദ്‌നബിയുടെ നാല്‍പ്പതാം തലമുറയില്‍പെട്ട പ്രചോദകര്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളിയില്‍ പ്രസവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇതരമതസ്ഥരായ നൂറുകണക്കിനാളുകള്‍ ഇപ്പോഴും പ്രാര്‍ത്ഥനക്കെത്തുന്നുണ്ട്.
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവില്‍ അടുത്തിടെ സ്ഥാപിച്ച മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് ഏറെ വിവാദം സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇന്നലെ യുവതലമുറയില്‍പെട്ടവര്‍ പുതിയ ബോര്‍ഡ് പള്ളിക്ക് മുന്നില്‍ സ്ഥാപിച്ചത്.
എന്നാല്‍ ഇതുമായി ജുമാഅത്ത് കമ്മറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് ജുമാഅത്ത് കമ്മറ്റി മെമ്പറും മുന്‍ പഞ്ചായത്തംഗവുമായ തയ്യില്‍ താജുദ്ദീന്‍ പറയുന്നു.
തങ്ങളുടെ മതേതരത്വവും സഹോദരസ്‌നേഹവും ബോര്‍ഡ് വെച്ച് തെളിയിക്കാനുദ്ദേശമില്ലെന്നും അത് വര്‍ഷങ്ങളായി തങ്ങള്‍ മനസുകളില്‍ കാത്തുസൂക്ഷിച്ച് മനസുകളിലേക്ക് പകര്‍ന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും ഇപ്പോള്‍ മസ്ജിദിന് മുന്നില്‍ ഇത്തരമൊരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
