പെരുഞ്ചെല്ലൂരില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ കീര്‍ത്തനങ്ങളുമായി ചെന്നൈ ഭരത് നാരായണ്‍

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ എഴുപത്തി രണ്ടാം കച്ചേരിയില്‍ പ്രശസ്ത കര്‍ണ്ണാടക ശാസ്ത്രീയ സംഗീതത്തിലെ കലാകാരന്മാര്‍ കെ.എല്‍.ശ്രീരാമിന്റെയും ബേബി ശ്രീരാമിന്റെയും മകന്‍ ഭരത് നാരായണ്‍ അപൂര്‍വങ്ങളില്‍ അപ്പൂര്‍വ്വമായ കൃതികളുടെ കച്ചേരി പെരുഞ്ചെല്ലൂരിലെ ശ്രോതാക്കള്‍ക്ക് സമ്മാനിച്ചു.

മൃദംഗത്തില്‍ മുതിര്‍ന്ന വിദ്വാന്‍ കൊടുന്തിരപ്പള്ളി പരമേശ്വരന്‍ യുവ ഗായകന് വലിയ പിന്തുണ നല്കി. വയലിനില്‍ ആദര്‍ശ് അജയ്കുമാര്‍ അകമ്പടിയായി.
മുത്തുസ്വാമി ദീക്ഷിതരുടെ പ്രധാന ശിഷ്യന്‍മാരില്‍ ഒരാളായ വടിവേലു, കാംബോജി രാഗത്തില്‍ ചിട്ടപ്പെടുത്തിയ സരസിജനാഭ നിന്ന് സന്നതി എന്ന വര്‍ണത്തോടെയാണ് കച്ചേരി ആരംഭിച്ചത്.

നീലകണ്ഠ ശിവന്‍ ചിട്ടപ്പെടുത്തിയ കാമവര്‍ധിനി രാഗത്തിലെ ഗജാനനാ ഗണേശ്വനെ എന്ന കൃതി മുഴുവന്‍ ഭാവത്തോട് കൂടി ആലപിച്ചു.

ജയമനോഹരി രാഗത്തിലെ യജ്നാ ദുളു സുഖമനു, വകുളാഭരണം രാഗത്തിലെ ഈറാമുനി നമ്മിതിനോ, കീരനാവലി രാഗത്തിലെ എട്ടിയോചനലു ചേസേവുറ, കല്യാണി രാഗത്തിലെ എന്തുക്കോ നീ മനസു എന്നീ കൃതികള്‍ ത്യാഗരാജ സ്വാമിക്ക് വേണ്ടി ആരാധന രൂപത്തില്‍ സമര്‍പ്പിച്ചു.

ഭദ്രാചല രാമദാസ് കലാവതി രാഗത്തില്‍ രചിച്ച ബലിരാ വൈരാഗ്യമെന്തോ, ബേബി ശ്രീരാമിന്റെ മാധവന്‍ മറുഗനെ മുരുഗനെ എന്നീ കൃതികള്‍ ആലാപനത്തിനോടോപ്പം അതിന്റെ അര്‍ത്ഥം കൂടി ശ്രോതാക്കള്‍ക്ക് പകര്‍ന്നു നല്കി
ലാല്‍ഗുടി ജയരാമന്‍ ചിട്ടപ്പെടുത്തിയ ഖമ്മാസ് രാഗത്തിലെ തില്ലാനയോടെ കച്ചേരി അവസാനിച്ചു.

വിജയ് നീലകണ്ഠന്‍ സ്വാഗതവും, ബംഗളുരുവില്‍ നിന്നെത്തിയ സംഗീതാസ്വാദകന്‍ ആയിപ്പുഴ പദ്മനാഭന്‍ കലാകാരന്മാരെ ആദരിച്ചു.