ചെറുകാട് അവാര്‍ഡ് നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥയ്ക്ക്

മലപ്പുറം: ഈ വര്‍ഷത്തെ ചെറുകാട് അവാര്‍ഡിന് പ്രശസ്ത നാടകകൃത്ത് സുരേഷ്ബാബു ശ്രീസ്ഥ അര്‍ഹനായി.

പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ചെറുകാടിന്റെ സ്മരണയ്ക്കായി ചെറുകാട് സ്മാരക ട്രസ്റ്റ്

ഏര്‍പ്പെടുത്തുന്ന അവാര്‍ഡ് കഴിഞ്ഞ 43 വര്‍ഷമായി ചെറുകാട് വ്യാപരിച്ച വിവിധ സാഹിത്യ ശാഖകള്‍ക്കാണ് നല്‍കി വരുന്നത്. 

വര്‍ഷം നാടക ശാഖയ്ക്കാണ് അവാര്‍ഡ്. കരിവെള്ളൂര്‍ മുരളി ചെയര്‍മാനും ശ്രീജ ആറങ്ങോട്ടുകര, എം.കെ.മനോഹരന്‍ എന്നിവര്‍ അംഗങ്ങളുമായ അവാര്‍ഡ് നിര്‍ണയ സമതിയാണ് സുരേഷ് ബാബുവിനെ തെരഞ്ഞെടുത്തത്.

കഴിഞ്ഞ മുപ്പതുവര്‍ഷത്തിലധികമായി മലയാളത്തിലെ അമേച്വര്‍ പ്രൊഫെഷണല്‍ ജനകീയ നാടക വേദികളില്‍ നിരന്തരം തന്റേതായ ശക്തമായ നാടക രചനയിലൂടെ ലബ്ധപ്രതിഷ്ഠനാണ് സുരേഷ്ബാബു ശ്രീസ്ഥ.

ജനകീയ മുന്നേറ്റങ്ങള്‍ക്കുവേണ്ടി നാടകത്തെ ആയുധമായി ഉയര്‍ത്തിപ്പിടിക്കുന്ന നാടകക്കാരനാണ് സുരേഷ് ബാബു ശ്രീസ്ഥ എന്നും അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.

50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.

ഒക്ടോബര്‍ 28 ന് 4 മണിക്ക് വടകരയ്ക്കടുത്ത് കുട്ടോത്ത് നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അവാര്‍ഡ് സമ്മാനിക്കും.

ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. വി.ശശികുമാര്‍ ചെറുകാട് സ്മാരക പ്രഭാഷണം നടത്തും.

അവാര്‍ഡ് പ്രഖ്യാപനം സി.വാസുദേവനും അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തല്‍ ഡോ.കെ.പി.മോഹനനും നിര്‍വഹിക്കും.