പോക്‌സോ അധ്യാപകന്‍ കിണറ്റിലും ചാടി-

പരിയാരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിക്ക് വാട്‌സാപ്പില്‍ അശ്ലീലസന്ദേശമയച്ച കായികാധ്യാപകനെ പോക്‌സോ നിയമപ്രകാരം പരിയാരം പോലീസ് അറസ്റ്റ് ചെയ്തു.

ഓലയമ്പാടി കാര്യപ്പള്ളി സ്വദേശിയും കുളപ്പുറത്ത് താമസക്കാരനുമായ കെ.സി.സജീഷിനെയാണ്(39) അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം പാതിരാത്രിയിലാണ് വിദ്യാര്‍ത്ഥിനി ഉപയോഗിക്കുന്ന മാതാവിന്റെ ഫോണിലേക്ക് ഇയാല്‍ സന്ദേശം അയച്ചത്.

വിദ്യാര്‍ത്ഥിനി വിവരം വീട്ടില്‍ പറഞ്ഞതോടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിന് പരാതി നല്‍കി.

പ്രിന്‍സിപ്പാള്‍ പരാതി പോലീസിന് കൈമാറിയതോടെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

പെണ്‍കുട്ടി പരാതി നല്‍കിയതറിഞ്ഞതോടെ ഒളിവില്‍പോയ അധ്യാപകന്‍ ചെറുകുന്നിലെ ഒരു കിണറ്റില്‍ ചാടി അത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.


. അധ്യാപകന്‍ ബുധനാഴ്ച്ച രാത്രി മാടായിപ്പാറയില്‍ ഉണ്ടെന്നറിഞ്ഞതോടെയാണ് പരിയാരം പോലീസ് പഴയങ്ങാടി പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

സജീവ സി.പി.എം പ്രവര്‍ത്തകനായ ഇയാള്‍ അറിയപ്പെടുന്ന കെ.എസ്.ടി.എ ഭാരവാഹിയുമാണ്.

നേരത്തെ ഇ.പി.ജയരാജന്‍ കായികമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു.

കേസില്‍ നിന്ന് ഇയാളെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കേസെടുക്കേണ്ടി വന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.