ചെങ്ങളായി: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഇന്നലെ ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ ജനകീയ സന്നദ്ധസേനയായ സജ്ജം വളണ്ടിയര്‍മാര്‍ക്ക് വിശ്രമമില്ലാത്ത സേവനദിനം.
ആദ്യം, വളക്കൈ-ചുഴലി റോഡിലെ അടിച്ചിക്കമലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം റോഡിലേക്ക് വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
വിവരം ലഭിച്ച ഉടന്‍ തന്നെ സജ്ജം വളണ്ടിയര്‍മാര്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി റോഡ് വേഗത്തില്‍ ഗതാഗതയോഗ്യമാക്കി.
തുടര്‍ന്ന് ചുഴലി പടിഞ്ഞാറെമൂലയിലെ മയിലാട്ട് മാധവിയുടെ വീടിന്റെയും ചുഴലി വടക്കേമൂലയിലെ കൂളിയാട്ട് മോഹനന്റെ വീടിന്റെയും പിന്‍വശത്തെ സംരക്ഷണ മതിലുകള്‍ ഇടിഞ്ഞുവീണ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ച് അപകടസാധ്യത വിലയിരുത്തുകയും ആവശ്യമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വളക്കൈ കൈതക്കടവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.രവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്മുകുട്ടി, സുനീഷ്, കെ.സി കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് 10 വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് റോഡ് ശുചീകരിച്ച് വാഹനഗതാഗതം പൂര്‍ണമായും സുഗമമാക്കി.