കരിമ്പം-ഹിലാല്‍ നഗറില്‍ തെരുവുനായ കേന്ദ്രം സ്ഥാപിക്കാനുള്ള നഗരസഭയുടെ നീക്കം ഉപേക്ഷിക്കണം: എസ്.ഡി.പി.ഐ

കരിമ്പം: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടിച്ച് പാര്‍പ്പിക്കാനായി കരിമ്പം മേഖലയെ തെരഞ്ഞെടുത്തത് തികച്ചും അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് എസ്.ഡി.പി.ഐ കരിമ്പം ബ്രാഞ്ച് കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖല എന്നതിന് പുറമെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്റ് ആശുപത്രിയും സ്ഥിതി ചെയ്യുന്ന സുപ്രധാന മേഖലയാണ് കരിമ്പം.

ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും രോഗികളും യാത്ര ചെയ്യുന്ന ഇവിടെ തെരുവുനായ കേന്ദ്രം വരുന്നത് വഴി നടന്നുപോകുന്ന കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ജീവഭീഷണിയുയര്‍ത്തും.

കൂടാതെ, പേവിഷബാധ ഉള്‍പ്പെടെയുള്ള രോഗപകര്‍ച്ചാ ഭീഷണി, മാലിന്യപ്രശ്‌നങ്ങള്‍, കടുത്ത ദുര്‍ഗന്ധം, നായ്ക്കളുടെ ബഹളം മൂലമുള്ള സമാധാനഭംഗം എന്നിവ പ്രദേശവാസികളുടെ ജനജീവിതവും വിദ്യാര്‍ത്ഥികളുടെ പഠനാന്തരീക്ഷവും പൂര്‍ണ്ണമായും തകര്‍ക്കും.

തെരുവുനായ ശല്യത്തിന് പരിഹാരം കാണേണ്ടത് അനിവാര്യമാണെങ്കിലും, ജനവാസ-വിദ്യാഭ്യാസ-ചികിത്സാ മേഖലകളെ ഒഴിവാക്കി അനുയോജ്യമായ മറ്റ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേണം നഗരസഭ പദ്ധതി നടപ്പിലാക്കാന്‍.

ജനങ്ങളുടെ സുരക്ഷയെ വെല്ലുവിളിക്കുന്ന ഈ നീക്കത്തില്‍ നിന്ന് നഗരസഭ ഉടനടി പിന്മാറണമെന്നും, അല്ലാത്തപക്ഷം നാട്ടുകാരെ അണിനിരത്തി ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് എസ്.ഡി.പി.ഐ നേതൃത്വം നല്‍കുമെന്നും ബ്രാഞ്ച് കമ്മിറ്റി വ്യക്തമാക്കി.

യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് എന്‍.വി.അസ്ലം, സെക്രട്ടറി സാലിഹ് കരിമ്പം, ഭാരവാഹികളായ വി.എം.ഷക്കീര്‍, സി.ഇര്‍ഷാദ്, എം.സുഹൈല്‍, എന്‍.വി.സലാം, ജാഫര്‍ മുല്ല, വി.എം.റഹീം എന്നിവര്‍ പ്രസംഗിച്ചു.