കൊച്ചി: ഗൃഹനാഥന്റെ തിരോധാനം, ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ചെയ്തപ്പോള്‍ മലക്കംമറിഞ്ഞ് തളിപ്പറമ്പ് പോലീസ്.
ജൂണ്‍-28 ന് ഉച്ചക്ക് വീട്ടില്‍ നിന്ന് കാണാതായ പിതാവ് ടി.കൃഷ്ണനെ(73) കണ്ടെത്തണമെന്ന് കാണിച്ച് മകന് കരിമ്പത്തെ വി.വി.രൂപേഷ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹോബിയസ് കോര്‍പസ് ഹരജിക്ക് നല്കിയ മറുപടിയില്‍ കൃഷ്ണന് പോലീസ് സ്റ്റേഷനില്‍ വന്നതായിട്ടാണ് തളിപ്പറമ്പ് എസ്.എച്ച്.ഒ പറയുന്നത്.
കേസ് ഗൗരവത്തിലെടുത്ത ഹൈക്കോടതി സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹാജരാക്കാനും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റൂറല്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.
അച്ഛനെ കാണാതായത് സംബന്ധിച്ച് ജൂണ്‍-29 ന് തന്നെ രൂപേഷ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരുന്നുവെങ്കിലും കേസെടുക്കുന്നത് ജൂലായ്-1 നായിരുന്നു.
ഈ സമയത്തൊന്നും ടി.കൃഷ്ണന് പോലീസ് സ്റ്റേഷനില്‍ വന്നതായി വെളിപ്പെടുത്തിയിരുന്നില്ല.
ജൂണ്‍-28 ന് സ്വിച്ചോഫായ മൊബൈല്‍ ഫോണ്‍ ജൂലായ്-ഒന്നിന് രാവിലെ 7.30 ന് ഓണായിരുന്നു.
വിവരം പോലീസില്‍ അറിയിച്ചത് പ്രകാരം ടവര്‍ലൊക്കേഷന്‍ പാപ്പിനിശേരി ആണെന്ന് വ്യക്തമായിരുന്നു.
ഫോണ്‍ റിംഗ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണെങ്കില്‍ ശരിയായ ലൊക്കേഷന്‍ എടുത്തുതരാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ റിംഗ് ചെയ്തുകൊണ്ടിരിക്കെ വിവരം അറിയിച്ചിട്ടും ലൊക്കേഷന്‍ എടുത്തുനല്കാന് തയ്യാറായില്ലെന്ന് കാണിച്ചും തളിപ്പറമ്പ് പോലീസ് നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന് കാണിച്ചും റൂറല്‍ ജില്ല പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രൂപേഷ് പരാതി നല്‍കിയിരുന്നു.
കാണാതാകുന്നതിന് മുമ്പ് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്നും കൃഷ്ണനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
വിഷുദിനത്തിന് തലേന്ന് ഉണ്ടായ ഒരു കേസില്‍ കൃഷ്ണനെയും മകന് രൂപേഷിനെയും ബ്ന്ധുക്കളെയും പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു.
ഇതിന്റെ അന്വേഷണത്തിനായി ഹാജരാകണമെന്ന് പറഞ്ഞാണ് പോലീസ് സ്റ്റേഷനില്‍ നിന്നും കൃഷ്ണനെ വിളിച്ചിരുന്നത്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അച്ഛനെ പോലീസ് വിളിപ്പിച്ചതെന്നും ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നുവെന്നും മകന് രൂപേഷ് പറയുന്നു.
കാണാതായിട്ട് നാല്‍പ്പത് ദിവസമായിട്ടും പോലീസ് ഗൗരവത്തില്‍ അന്വേഷണം നടത്തിയില്ലെന്ന് മാത്രമല്ല, കൃഷ്ണന് പോലീസ് സ്റ്റേഷനില്‍ വന്ന കാര്യം ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചതും ദുരൂഹമാണ്.
നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ബന്ധുക്കളുടെ നിരന്തരമായ ആവശ്യം പോലീസ് നിരാകരിച്ചതും അന്വേഷണത്തില്‍ ഉദാസീനത കാണിച്ചതിനും പിന്നില്‍ സംശയങ്ങള്‍ നിരവധിയാണെന്ന് ബന്ധുക്കള്‍ പറയുന്നു.