വിസ്മയ മോഹന്‍ലാലിന്റെ തുടക്കം പാളിയോ-? ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സിനിമ കണ്ടാല്‍ ഏതൊരു പ്രേക്ഷകനും ഈയൊരു അഭിപ്രായം സ്വാഭാവികം.
ചിത്രീകരണം ആരംഭിച്ചത് മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന സിനിമ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല.
ലിനീഷ് നെല്ലിക്കലിന്റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ്, ലിനീഷ് നെല്ലിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ്.
ജോമോന് ടി ജോണ്‍, അഖില്‍ ജോര്‍ജ്, സുദീപ് ഇളമണ്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്. ചമന്ചാക്കോയാണ് എഡിറ്റര്‍.
സംഗീതവും പശ്ചാത്തല സംഗീതവും ജേക്കസ് ബിജോയ്.
രണ്ട് മണിക്കൂര്‍ 17 മിനുട്ടാണ് ദൈര്‍ഘ്യം.
താരബാഹുല്യം കൊണ്ട് സമ്പന്നമാണ് സിനിമ. അഭിനയത്തില്‍ നായകനും വില്ലനുമായി പ്രത്യക്ഷപ്പെടുന്ന ആന്റണി പെരുമ്പാവൂരിന്റെ മകന് ആഷിഷ് ജോ ആന്റണിയും വിസ്മയയുടെ അച്ഛന് രവിയായി വരുന്ന സായികുമാറും മികച്ചു നില്ക്കുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ സതീഷ്കുമാറായി എത്തുന്ന മനോജ് കെ.ജയന്, ബോബി കുര്യന്, കെ.ബി.ഗണേഷ്കുമാര്, ടി.ജി.രവി, മിയ ജോര്‍ജ്, കോട്ടയം രമേഷ്, ജയ കുറുപ്പ്, പോളി വില്‍സണ്‍, ജാഫര്‍ ഇടുക്കി, ചിപ്പി രഞ്ജിത്ത് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഹൈറേഞ്ചിലാണ് കഥ നടക്കുന്നത്. വില്ലേജ് ഓഫീസറായി എത്തുന്ന രവിയും മകള്‍ മീനുവും താമസിക്കാനായി കോട്ടയം രമേഷ് അവതരിപ്പിക്കുന്ന ജോസഫ് മാഷിന്റെ വാടക വീട്ടിലെത്തുന്നതാണ് തുടക്കം.
മീനു ബാങ്ക് ടെസ്റ്റ് എഴുതാന്‍ എറണാകുളത്ത് പോകുന്നതും കാണാതാകുന്നതും തിരിച്ചെത്തുന്നതും ഒക്കെ ചേര്‍ന്ന് സിനിമയുടെ ഒന്നാംപകുതി ഉദ്വേഗജനകമായി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ രണ്ടാംപകുതിയില്‍ ആ കയ്യടക്കം സംവിധായകന് നഷ്ടമാവുന്നു.
അവസാനത്തെ ഒരു 15 മിനുട്ട് രംഗത്താണ് പിന്നീട് അല്‍പ്പമെങ്കിലും സിനിമ സജീവമാകുന്നത്.
ഉദ്ദേശിച്ചത് പോലെ ആയോധനകലയില്‍ വിദഗ്ദ്ധയായ വിസ്മയയുടെ മീനു എതിരാളികളെയും
മുഖ്യ വില്ലനേയും ചവിട്ടിക്കൂട്ടി പഞ്ഞിക്കിട്ടപ്പോഴേക്കും സ്ഥലത്തെത്തുന്ന പോലീസ് മൂവരേയും ആശുപത്രിയില്‍ എത്തിക്കുന്നിടത്ത് വിസ്മയ മോഹന്‍ലാലിന്റെ തുടക്കം എന്ന സിനിമ അവസാനിക്കുന്നു.
വികാരരഹിതമായാണ് വിസ്മയയുടെ മായ അഭിനയിക്കുന്നത്.
മോഹന്‍ലാലിന്റെ കഥാപാത്രം ഈ സിനിമയില്‍ ഒരു അധികപ്പറ്റാണ് എന്ന തോന്നലുണ്ടാവുന്നുണ്ട്.
കൊട്ടിഘോഷിച്ച് മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിന്റെ ഗതി തന്നെയാവുമോ വിസ്മയ മോഹന്‍ലാലിന്റെ തുടക്കത്തിനും ഉണ്ടാകാന്‍ പോകുന്നത് എന്നറിയാന്‍ അധികദിവസം കാത്തിരിക്കേണ്ടി വരില്ല.