അനധികൃത അറവ് മാലിന്യ കടത്ത് :–പോലീസ് കേസെടുത്തു-വണ്ടി കസ്റ്റഡിയില്‍

കണ്ണൂര്‍: അനധികൃതമായി കോഴി മാലിന്യം കടത്തിയ ലോറി കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടി. വാഹന ഉടമക്കും ലോറി തൊഴിലാളികള്‍ക്കുമെതിരെ കേസെടുത്തു.

കെ എല്‍ 60 എസ് 2645 നമ്പര്‍ ലോറിയാണ് പിടികൂടിയത്. ഇതില്‍ നിന്നും 2.8 ടണ്‍ അറവ് മാലിന്യം പിടിച്ചെടുത്തു.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, പന്ന്യന്നൂര്‍, ന്യൂ മാഹി, എരഞ്ഞോളി, കതിരൂര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടകളില്‍ നിന്നുമുള്ള അറവുമാലിന്യങ്ങള്‍ കടകളില്‍ നിന്നും വന്‍ തുക

ഈടാക്കി കാസര്‍ഗോഡ് ജില്ലയിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ കൊണ്ടു പോയി കുഴിച്ചു മൂടുന്ന സംഘത്തെയാണ് പൊലീസ് പിടികൂടി വാഹനം കസ്റ്റഡിയിലെടുത്തത്.

കണ്ണൂര്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ എസ് ഐ വിജയകുമാറും സംഘവും കാള്‍ടെക്‌സ് ജംഗ്ഷനില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ലോറി പിടികൂടിയത്.

മാലിന്യം ഗവ: അംഗീകൃത റെന്ററിങ്ങ് പ്ലാന്റിലേക്ക് മാറ്റി. അനധികൃത അറവ് മാലിന്യം ശേഖരിക്കുന്നതും കടത്തുന്നതും കുറ്റകരമാണ്.

ജില്ലയിലെ രണ്ട് ന്റെറിങ്ങ് പ്ലാന്റുകള്‍ പ്രവൃത്തിക്കുമ്പോഴാണ് മാലിന്യം അനധികൃതമായി മറ്റ് ജില്ലകളിലേക്ക് കടത്തുന്നത്. പുതിയ ഉത്തരവ് പ്രകാരം റെന്ററിങ്ങ് പ്ലാന്റുടമകള്‍ക്ക് മാത്രമെ അറവ് മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനും സാധിക്കൂ.

ഇതിനായി എല്ലാ തദ്ദശസ്വയംഭരണ സ്ഥാപനങ്ങളും റെന്ററിങ്ങ് പ്ലാന്റുമായി എഗ്രിമെന്റ് വെക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാലിന്യക്കടത്തിന് കൂട്ടുനില്‍ക്കുന്ന കോഴിക്കടകളുടെ ലൈസന്‍സ് പുതുക്കില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ മുഴുവന്‍ കോഴി അറവ് മാലിന്യവും ജില്ലയില്‍ തന്നെ സംസ്‌കരിക്കാനുള്ള സംവിധാനമുണ്ട്.

ജില്ലയെ രാജ്യത്തെ ആദ്യ അറവ് മാലിന്യവിമുക്തമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കടക്കാരും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.