കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റില്‍-സംഘത്തില്‍ ഡോക്ടര്‍മാരും

മഥുര:ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്ന് തട്ടിക്കൊണ്ടുപോയ ഏഴുമാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തിയത് 100 കിലോമീറ്റര്‍ അകലെ ബിജെപി നേതാവിന്റെ വീട്ടില്‍.

ഇതോടെ പിടിയിലായത് കുട്ടികളെ മോഷ്ടിച്ച് വില്‍ക്കുന്ന വന്‍ റാക്കറ്റ്. ബിജെപിയുടെ വിനീത അഗര്‍വാളും ഭര്‍ത്താവും ചേര്‍ന്ന് ഒരു മകനെ വേണമെന്ന് ആവശ്യപ്പെടുകയും രണ്ട് ഡോക്ടര്‍മാരില്‍ നിന്നായി 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങുകയുമായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.

മഥുര റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടക്കുന്ന മാതാപിതാക്കളുടെ അടുത്തിനിന്ന് നിന്ന് കുട്ടിയെ എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ ആളുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. മഥുരയില്‍ റെയില്‍വേ പൊലീസ് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ വച്ച് പൊലീസുകാര്‍ കുട്ടിയെ അമ്മയ്ക്ക് കൈമാറി.

കുട്ടിയെ കൈമാറിയ ഡോക്ടര്‍മാരെയും പോലീസ് അറസ്റ്റ് ചെയ്തു. പണത്തിനു വേണ്ടി കച്ചവടം നടത്തുന്ന സംഘമാണ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

‘ദീപ് കുമാര്‍ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്ന് ഞങ്ങള്‍ കണ്ടെത്തി. ഹത്രാസ് ജില്ലയില്‍ ആശുപത്രി നടത്തുന്ന രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ഭാഗമാണ് ഇയാള്‍.

മറ്റ് ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ റാക്കറ്റില്‍ പങ്കുണ്ട്. കുട്ടിയെ കൈമാറിയവരെ ഞങ്ങള്‍ ചോദ്യം ചെയ്തു.

അവര്‍ക്ക് ഒരു മകള്‍ മാത്രമേയുള്ളൂ, ഒരു മകനെ വേണമെന്ന് അവര്‍ ആഗ്രഹിച്ചു. അതിനാലാണ് അവര്‍ കരാര്‍ ഉണ്ടാക്കിയത്,’ മുഷ്താഖ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.

അറസ്റ്റിലായ നേതാവിന്റെ ഭാഗത്തുനിന്നോ ബിജെപിയില്‍ നിന്നോ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.