കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍: സംസ്ഥാനതലത്തില്‍ കൗണ്‍സലിങ്ങ് സംവിധാനം ഒരുക്കുംബാലാവകാശ കമ്മീഷന്‍
കണ്ണൂര്‍: കുട്ടികളിലെ മാനസിക, ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന തലത്തില്‍ കൗണ്‍സലിങ്ങ് സംവിധാനം ഒരുക്കുന്നതിന് നടപടി ആരംഭിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ അറിയിച്ചു.
സര്‍ക്കാര്‍ കൗണ്‍സലര്‍മാര്‍ക്ക് പുറമെ ഐഎംഎയുടെ സഹകരണവും ഇതിനായി ഉണ്ടാകുമെന്ന് കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്‌കൂളുകളെയും കമ്മീഷന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചായിരിക്കും ഈ പ്രവര്‍ത്തനം.
കൊവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കുട്ടികളുടെ അവകാശത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുമായി തദ്ദേശസ്ഥാപന വാര്‍ഡ് തലത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കും.
ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡിസംബറോടെ ഇത് പൂര്‍ത്തിയാക്കും. ഈ സമിതികളുടെ നേതൃത്വത്തില്‍ അതത് പ്രദേശത്ത് മുഴുവന്‍ കുട്ടികളുടെയും വിവര ശേഖരണം നടത്തും.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന വേണ്ടവരുമടക്കമുളള കുട്ടികളുടെ പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനും ഈ വിവരശേഖരം പ്രയോജനപ്പെടും.
കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത് ഏറ്റവും വലിയ കര്‍ത്തവ്യമായാണ് കമ്മീഷന്‍ കാണുന്നത്.
ഈ ചുമതല സമൂഹം ഒന്നിച്ച് ഏറ്റെടുക്കണം. കണ്ണൂരില്‍ ലൈബ്രറി കൗണ്‍സില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവരുമായി സഹകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി 15-ന് കലക്ടറേറ്റ് മൈതാനിയിലെ പുസ്തകോത്സവ വേദിയില്‍ ‘ മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം’ എന്ന പേരില്‍ കുട്ടികളുമായി സംവാദം ഒരുക്കിയിട്ടുണ്ട്.
മജീഷ്യന്‍ മുതുകാടാണ് കുട്ടികളുമായി സംവദിക്കുക. കൊവിഡ് കാലം കുട്ടികളില്‍ ഉണ്ടായിട്ടുള്ള മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് കമ്മീഷന്‍ പഠനങ്ങള്‍ നടത്തുകയും റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകും.
ഓരോ ജില്ലയെയും ബാലസൗഹൃദമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളും ബാലസൗഹൃദമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതോടൊപ്പം എല്ലാ പദ്ധതികളും ബാലസൗഹൃദമാക്കണമെന്ന നിര്‍ദേശവും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
അപകടകരമായ ഓണ്‍ലൈന്‍ ഗെയിമുകളും സാമൂഹ്യമാധ്യമ ഉപയോഗവും വലിയ ഭീഷണിയായി വന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ ആദ്യം ബോധവല്‍ക്കരണം ഉണ്ടാവേണ്ടത് രക്ഷിതാക്കളിലാണ്.
ബോധവല്‍ക്കരണവും നിരന്തരമായ ഇടപെടലും വഴിയേ ഇതുപോലുള്ള കാര്യങ്ങളെ തടയാനാകൂ.
പുതിയ സാങ്കേതിക വിദ്യകളില്‍ നിന്ന് നമുക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ല.
എന്നാല്‍ അവ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ശേഷി ആര്‍ജിക്കുകയും അവ സംബന്ധിച്ച് കൃത്യമായ ധാരണ ഉണ്ടാക്കുകയുമാണ് ആവശ്യം.
ബോധവല്‍ക്കണം തന്നെയാണ് അതിനുള്ള മാര്‍ഗമെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. ലൈബ്രറി നവീകരണ വ്യാപന മിഷന്‍ ചെയര്‍മാന്‍ ഡോ. വി.ശിവദാസന്‍ എംപി, കോ ഓര്‍ഡിനേറ്റര്‍ ടി.കെ.ഗോവിന്ദന്‍,
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍,
സെക്രട്ടറി പി.കെ.വിജയന്‍, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം എം.കെ.രമേഷ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.