ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കേന്ദ്ര വിഹിതം നല്‍കണം-മന്ത്രി ചിഞ്ചുറാണി

ധര്‍മശാല: ക്ഷീര കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ വിവിധ പദ്ധതികളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കേന്ദ്ര വിഹിതം അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.

ധര്‍മശാല ഇന്ത്യന്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ മലബാര്‍ മേഖലാ സഹകരണ ക്ഷീരോല്‍പാദകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ മേഖലാതല വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ രംഗങ്ങളിലെ കേന്ദ്രവിഹിതം കൂടി കേരളം നല്‍കുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്രത്തെ ഈ ആവശ്യവുമായി നിരന്തരം സമീപിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ മന്ത്രിമാര്‍ക്കും കഴിഞ്ഞ ആഴ്ച്ച നിവേദനം നല്‍കിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ വിഹിതം കൂടി നല്‍കിക്കൊണ്ട് കര്‍ഷകരെ സഹായിക്കുക എന്ന ബാധ്യത കൂടി ഏറ്റെടുത്താണ് സംസ്ഥാനം ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഇന്‍ഷുറന്‍സ് ക്ലെയിം തുകയുടെ വിതരണവും റിവോള്‍വിംഗ് ഫണ്ട് വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷത വഹിച്ചു.

ക്ഷീരസമാശ്വാസ സഹായ ധന വിതരണം ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.സജിനി നിര്‍വ്വഹിച്ചു.

ടി.ആര്‍ ചന്ദ്രലാല്‍, അനില്‍ ഗോപിനാഥ്, ഐ.എസ് അനില്‍കുമാര്‍, എം. നാരായണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.