എയര്‍പോര്‍ട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി അനുവദിച്ചു

തളിപ്പറമ്പ്: ജില്ലയിലെ ഏറ്റവും പ്രധാന റോഡായ ചൊറുക്കള -ബാവുപ്പറമ്പ്-മയ്യില്‍-കോളോളം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് ലിങ്ക് റോഡിനായി ഭൂമി ഏറ്റെടുക്കാന്‍ 73.9 കോടി രൂപ കിഫ്ബി അനുവദിച്ചു.

കിഫ്ബി ഉന്നത ഉദ്യോഗസ്ഥരുമായി എം.വി ഗോവിന്ദന്‍ എംഎല്‍എ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തുക അനുവദിച്ചത്.

1600 ഭൂവുടമകളുടെ ഏഴ് ഹെക്ടര്‍ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക.

ഇതിന്റെ ഭാഗമായ19(1) വിജ്ഞാപനം അടുത്ത ദിവസം പുറത്തിറങ്ങും.

ജില്ലാ കലക്ടര്‍ വിജ്ഞാപനമിറക്കുന്നതോടെ സ്ഥലത്തിന്റെ രേഖകള്‍ പരിശോധിച്ച് പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കാന്‍ കഴിയും.

ഇതോടൊപ്പം റോഡ് നിര്‍മാണത്തിനാവശ്യമായ 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.

തളിപ്പറമ്പ് – ശ്രീകണ്ഠാപുരം സംസ്ഥാന പാതയില്‍ ചൊര്‍ക്കള നിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററാണ് നവീകരിക്കുക.

വൈദ്യുത തൂണുകളും ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനുകളുടെ പൈപ്പുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിച്ചുകൊണ്ടാകും റോഡ് നിര്‍മാണ പ്രവൃത്തി നടത്തുക.

ഇതുള്‍പ്പെടെയുള്ള വൈദ്യുതി ബോര്‍ഡിന്റെയും ജല അതോറിറ്റിയുടെയും യൂട്ടിലിറ്റി ഷിഫ്റ്റിംഗ് അടക്കമുള്ള പ്രവൃത്തികള്‍ക്കാണ് 231കോടി രൂപ കണക്കാക്കിയിരിക്കുന്നത്.

കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും കണ്ണൂരിലെ മലയോര മേഖലകളായ ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ, പുളിങ്ങോം ഭാഗത്തുള്ളവര്‍ക്കും മലയോര ഹൈവേ വഴി വന്നാല്‍ എളുപ്പത്തില്‍ വിമാനത്താവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്.

തളിപ്പറമ്പ് മണക്കടവ് കൂര്‍ഗ് റോഡിന്റെ ഭാഗമായ കാഞ്ഞിരങ്ങാട് നിന്നും ഇൗ റോഡിലേക്ക് പ്രവേശിക്കാനും കഴിയും.

69 കോടി രൂപ ചെലവിട്ട് നവീകരണ പ്രവൃത്തി നടക്കുന്ന ഇടിസി- പൂമംഗലം മഴൂര്‍ പന്നിയൂര്‍ റോഡുവഴി നടുവില്‍ ആലക്കോട്, ഭാഗത്തുള്ളവര്‍ക്കും  റോഡിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാനാകും.

എയര്‍പോര്‍ട് ലിങ്ക് റോഡുമായി ബന്ധിപ്പിക്കുന്ന പൂമംഗലം കൊടിലേരി പാലത്തിന്റെ അപ്രോച്ച് റോഡ് പണിയും അവസാനഘട്ടത്തിലാണ്.

ഇതോടെ മലയോരത്തുള്ളവര്‍ക്ക് എയര്‍പോര്‍ട് ലിങ്ക്റോഡിലേക്ക് എളുപ്പത്തില്‍ എത്തി ചേരാന്‍ കഴിയും.

വിമാനത്താവള യാത്രക്കാര്‍ക്ക് പുറമെ പ്രധാന തീര്‍ത്ഥാടന വിനോദസഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതും  റോഡിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.

വിനോദ സഞ്ചാര മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും സമാനതകളില്ലാത്ത മുന്നേറ്റം നടന്നു കൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലയ്ക്ക് എയര്‍പോര്‍ട്ട് ലിങ്ക് റോഡ് മറ്റൊരു നാഴികകല്ലാകും.

ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി എത്രയും വേഗം റോഡ് നവീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് എം.വി ഗോവിന്ദന്‍ എം എല്‍ എ പറഞ്ഞു.

സൂസഫാരി പാര്‍ക്കും തെയ്യം മ്യൂസിയവും കരിമ്പം ഫാം ടൂറിസമുള്‍പ്പടെയുള്ള നാടിന്റെ മുഖഛായ തന്നെ മാറുന്ന വികസനത്തിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പ്രവൃത്തിക്കാണ് എയര്‍പോര്‍ട് ലിങ്ക് റോഡിലൂടെ തുടക്കം കുറിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.