വടക്കേമലബാറിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ പടിയിറങ്ങുന്നു.
വടക്കേമലബാറിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ പടിയിറങ്ങുന്നു.
കരിമ്പം.കെ.പി.രാജീവന്‍.

തളിപ്പറമ്പ്: സി.പി.എമ്മിലെ സജീവമായ കൃസ്ത്യന്‍ മുഖങ്ങള്‍ ഉള്‍വലിയുന്നു. ജില്ലാ കമ്മറ്റി അംഗമായിരുന്ന മനുതോമസിനെ പുറത്താക്കിയതോടെ കണ്ണൂര്‍ ജില്ലയിലെ സി.പി.എമ്മില്‍ കൃസ്ത്യന്‍ മുഖങ്ങള്‍ കുറയുന്നു.
കൃസ്ത്യന്‍ വിഭാഗത്തില്‍പെട്ട പ്രധാനപ്പെട്ട മൂന്ന് പ്രധാന നേതാക്കള്‍ പാര്‍ട്ടിയില്‍ സജീവമല്ലാതായത് മലയോര മേഖലയിലെ സജീവ ചര്‍ച്ചയായി മാറിയിരിക്കയാണ്.
തലമുതിര്‍ന്ന നേതാവും കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടെറിയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ദീര്‍ഘകാലം തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റും നടുവില്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന കെ.എം.ജോസഫ് ആണ് ഇതില്‍ പ്രധാനി. തീപ്പൊരി പ്രസംഗകനായിരുന്ന ഇദ്ദേഹം വടക്കേമലബാറിലെ ഏറ്റവും സജീവമായ കൃസ്ത്യന്‍ മുഖമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങളായി സജീവമല്ല.
പാര്‍ട്ടി വേദികളില്‍ അപൂര്‍വ്വമായി മാത്രം പ്രത്യക്ഷപ്പെടുന്ന മുന്‍ തളിപ്പറമ്പ് എം.എല്‍.എ ജയിംസ്മാത്യുവും പുറകെ കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന മറ്റൊരു പ്രമുഖ നേതാവ് മനു തോമസ് കൂടെ പുറത്തേക്ക് പോകുമ്പോള്‍ കൃസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍, ആലക്കോട് ഏരിയാസെക്രട്ടെറി സാജന്‍ ജോസഫ് എന്നിവരാണ് സജീവമായി പ്രവര്‍ത്തിക്കുന്നവര്‍.
ഇതില്‍ സാജന്‍ ജോസഫിനെ മനു തോമസിന് പകരമായി ഇന്നലെ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എടുത്തുപറയാവുന്ന മറ്റൊരു പേര് കോണ്‍ഗ്രസില്‍ നിന്നും അടുത്തകാലത്ത് സി.പിഎമ്മില്‍ എത്തിയ കൊട്ടിയൂരിലെ അഡ്വ. കെ.ജെ.ജോസഫാണ്.
കെ.എം.ജോസഫിന് പിന്‍ഗാമിയായി ഇപ്പോള്‍ കര്‍ഷകസംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ് അഡ്വ.കെ.ജെ.ജോസഫ്.
പുതുതായി പാര്‍ട്ടിയിലെത്തുന്ന കൃസ്ത്യന്‍ വിഭാഗക്കാരുടെ എണ്ണവും വളരെ കുറവാണ്.
അതേസമയം ബി.ജെ.പി അഭിമുഖ്യമുള്ള കൃസ്ത്യന്‍ നേതാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.
