റീ-റിലീസിന് അനന്തമായ സാധ്യതകള്‍-മലയാള സിനിമ പഴയ വസന്തകാലത്തേക്ക് തിരിച്ചെത്തുമോ?
നല്ല കഥകളില്ല, പാട്ടുകളില്ല, ജീവിത മുഹൂര്‍ത്തങ്ങളില്ല-സിനിമകള്‍ വരുന്നതും പോകുന്നതും ആരുമറിയുന്നില്ല. പഴയസിനിമകള്‍ പുതിയകുപ്പിയിലാക്കിയപ്പോള്‍ വിജയം നേടാന്‍ കാരണമെന്തെന്ന് നോക്കേണ്ടതല്ലെ-
1995 മാര്‍ച്ച്-30 ന് റിലീസ് ചെയ്ത ഭദ്രന്‍ സംവിധാനം ചെയ്ത സ്ഥടികം 28 വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ഫെബ്രുവരി 9 നാണ് ഫോര്‍-കെ സാങ്കേതിക മികവോടെ റീ-റിലീസ് ചെയ്തത്.
ഈ സിനിമ വിജയം കൊയ്തതോടെയാണ് മലയാളത്തില്‍ റീ-റിലീസുകളുടെ അനന്ത സാധ്യതകള്‍ നിര്‍മ്മാതാക്കള്‍ ആലോചിച്ചത്.
2024 ജൂലായ്-26 നാണ് മോഹന്‍ലാല്‍ നായകനായി സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്‍ വീണ്ടും റിലീസ് ചെയ്തത്.
2000 ഡിസംബര്‍ 27 ന് 24 വര്‍ഷം മുമ്പ് റിലീസ് ചെയ്ത ദേവദൂതന്‍ സാമ്പത്തികമായി പരാജയപ്പെട്ടുവെങ്കിലും ഒരു ക്ലാസിക് സിനിമയുടെ എല്ലാ ഭാവങ്ങളും ആ സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു.
വിദ്യാസാഗര്‍-കൈതപ്രം ടീമിന്റെ ഗാനങ്ങളും അതിന്റെ ചിത്രീകരണ മികവും എടുത്തുപറയേണ്ടത് തന്നെയായിരുന്നു.
ഇപ്പോള്‍ 24 വര്‍ഷത്തിന് ശേഷം സാങ്കേതികമായി മികവുയര്‍ത്തിയ ദേവദൂതന്‍ വീണ്ടും വന്നപ്പോഴാണ് പലരും ഈ സിനിമയുടെ മികവ് തിരിച്ചറിഞ്ഞത്.
മികച്ച എഴുത്തുകാരുടെ അഭാവം, പുതുമയുള്ള ജീവിതഗന്ധിയായ വിഷയങ്ങളുടെ അഭാവം, മലയാളത്തിന്റെ മണമില്ലാത്ത ആശയങ്ങളുടെ അടിച്ചേല്‍പ്പിക്കല്‍ എന്നിവ പ്രേക്ഷകരെ സിനിമകളില്‍ നിന്ന് അകറ്റുന്ന ഒരു പ്രവണത വര്‍ദ്ധിച്ചുവരുന്നുണ്ട്.
സിനിമാ നിര്‍മ്മാണം പിള്ളേരുകളിയാവുന്ന പുതിയ കാലത്തിന്റെ സൃഷ്ടികള്‍ യുട്യൂബിന്റെ സാധ്യതകള്‍ മാത്രം വിശ്വസിച്ച് മുന്നോട്ടുപോയതെടയാണ് പ്രേക്ഷകര്‍ പുതിയ സിനിമകളോട് പുറംതിരിഞ്ഞത്.
അപ്പോഴാണ് പഴയ സിനിമകളുടെ ദൃശ്യചാരുതയും ആശയഗാംഭീര്യവും മലയാളി തിരിച്ചറിയുന്നത്.
മണിച്ചിത്രത്താഴ് ആഗസ്ത്-9 ന് വീണ്ടും റിലീസ് ചെയ്യുമെന്നാണ് വിവരം.
ഇതോടൊപ്പം കാലാപാനി, കിരീടം, ഒരു വടക്കന്‍ വീരഗാഥ, അിയൊഴുക്കുകള്‍, ഉയരങ്ങളില്‍, കരിമ്പിന്‍ പൂവിനക്കരെ എന്നീ സിനിമകളും റീ-റിലീസിന്റെ സാധ്യതകള്‍ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.