ലക്ഷദ്വീപില്‍ തേങ്ങ പറിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; ഹെല്‍മറ്റും, ഉപകരണങ്ങളും നിര്‍ബന്ധം; വ്യാപക പ്രതിഷേധം

 

 

കൊച്ചി: ലക്ഷദ്വീപില്‍ ഇനി തേങ്ങ പറിക്കാനും നിയന്ത്രണം.

ആന്ത്രോത്ത്, കല്‍പ്പേനി ദ്വീപുകളിലെ റോഡുകള്‍ക്ക് സമീപത്തുള്ള തെങ്ങുകളില്‍ നിന്നും തേങ്ങ പറിയ്ക്കുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും അനുമതി വാങ്ങണം എന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ നിര്‍ദേശം.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കുടിയായ ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് വല്ലഭ് ജോഷിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പൊതുജനങ്ങള്‍ക്ക് അപകടം സംഭവിക്കുന്നത് തടയുക എന്നതാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമന്നെും ഉത്തരവില്‍ പറയുന്നു.

ലക്ഷദ്വീപ് നിവാസികളുടെ പരമ്പരാഗതമായ തൊഴില്‍ മേഖലയും പ്രാഥമിക ഉപജീവനമാര്‍ഗ്ഗവുമാണ് തെങ്ങ് കൃഷി. ദ്വീപുകളില്‍ നിരവധി പൊതുവഴികള്‍ ഉള്ളതിനാല്‍, ധാരാളം തെങ്ങുകള്‍ പുതിയ ഉത്തരവിന്റെ പരിധിയില്‍ വരും.

അതേസമയം, ഒരാള്‍ പോലും തേങ്ങ വീണുണ്ടായ അപകടത്തില്‍ മരിച്ചിട്ടില്ലാത്ത ലക്ഷദ്വീപില്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത് വിചിത്രമാണെന്ന് ലക്ഷദ്വീപ് ഡിസിസി പ്രസിഡന്റ് എം ഐ ആറ്റക്കോയ പറഞ്ഞു.

വിചിത്രമായ ഉത്തരവ് അപകടം ഉണ്ടാക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു.

നിയന്ത്രണങ്ങള്‍ മൂലം ആളുകള്‍ തേങ്ങ പറിയ്ക്കുന്നത് നിര്‍ത്താന്‍ ഇടയാക്കും. ഇത് പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുന്നു.

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഉത്തരവെങ്കിലും ദ്വീപിലെ തൊഴില്‍ അവകാശത്തിന്മേലുള്ള കടന്നു കയറ്റം കൂടിയാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

നിയന്ത്രണങ്ങള്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണി സൃഷ്ടിക്കുമെന്ന് എന്ന് അഭിഭാഷകനായ അജ്മല്‍ അഹമ്മദ് ആര്‍ പറയുന്നു.

ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് കൂടിയാലോചനയോ അഭിപ്രായം തേടലോ ഉണ്ടായിട്ടില്ലെന്നും അജ്മല്‍ ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ച തന്റെ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നിര്‍ദ്ദേശം പിന്‍വലിക്കാന്‍ ജില്ലാ കളക്ടര്‍ തയ്യാറായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.