ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനകം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ- ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം തകര്‍ത്തു-

തളിപ്പറമ്പ്: ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്ന്തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗ്രന്ഥാലയത്തിന്റെ ശിലാഫലകം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ചുതകര്‍ത്തു, സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കൂവേരി, പട്ടത്താരി സിജിേേനഷ് എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കൂവേരി കൊട്ടക്കാനത്തെ സുഭാഷ് സ്മാരക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടന ശിലാഫലകമാണ് തകര്‍ത്തത്.

ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റും മുന്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ ഡോ.പി.പി.ബാലനാണ് നിര്‍വ്വഹിച്ചത്.

ഇതിന്റെ ശിലാഫലകമാണ് ഞായറാഴ്ച്ച വൈകുന്നേരം മൂന്നരയോടെ തകര്‍ക്കപ്പെട്ടത്.

വായനശാല കമ്മറ്റിയിലുണ്ടായ ചില പടലപിണക്കങ്ങളാണ് ശിലാഫലകം തകര്‍ക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം.

നേരത്തെ ഉണ്ടായിരുന്ന കമ്മറ്റിയില്‍ നിന്ന് പിന്നീട് വിട്ടുനിന്നിരുന്ന സജിനേഷും ശ്രീജിത്തും ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടനം നടത്തിയാല്‍ ഫലകം തകര്‍ക്കുമെന്ന് നേരത്തെ ഭീഷണിമുഴക്കിയിരുന്നതായും വായനശാല പ്രസിഡന്റ് പറഞ്ഞു.

ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂറിനകം ശിലാഫലകം തകര്‍ത്തശേഷം തങ്ങള്‍ തന്നെയാണ് ഇത് ചെയ്തതെന്ന് ഇവര്‍ വായനശാലയിലെത്തി മറ്റുള്ളവരോട് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു.

വായനശാല നിര്‍മ്മാണത്തില്‍ സജീവമായി പ്രവര്‍ത്തിച്ച തങ്ങളെ അവഗണിച്ചതിലും നിര്‍മ്മാണത്തിന്റെ കണക്ക് പറയാത്ത വിരോധത്തിലുമാണ് ഫലകം തകര്‍ക്കാന്‍ കാരണമെന്നും വ്യക്തമായിട്ടുണ്ട്.

പതിനായിരം രൂപയോളം നഷ്ടമുണ്ടായതായി ഗ്രന്ഥാലയം പ്രസിഡന്റ് എ.പി.കെ.വല്‍സന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.