ഇനിയും മാറി നില്‍ക്കുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ എടുക്കണം: ഡി.എം.ഒ

കണ്ണൂര്‍: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് ലക്ഷ്യമിട്ട മുഴുവന്‍ പേര്‍ക്കും നല്‍കി 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചു.

ഒന്നാം ഡോസായി 20,76,863 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. എങ്കിലും ഒന്നാം ഡോസ് എടുക്കാത്തവര്‍ ഇനിയും നമ്മുടെ ഇടയിലുണ്ട്.

വ്യക്തമായ കാരണമില്ലാതെ മാറി നില്‍ക്കുന്നവരാണ് ഇതില്‍ ഭൂരിപക്ഷവും.

ആയതിനാല്‍ ഇനിയും ആദ്യ ഡോസ് എടുക്കാത്തവര്‍ മുന്നോട്ടു വരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

വാക്‌സിന്‍ എടുത്തവരില്‍ കോവിഡ് ബാധ വലിയ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാണ്.

രണ്ടാം ഡോസ് എടുക്കാന്‍ സമയപരിധി ആയവര്‍ ഉടനെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.

60 വയസ്സിനു മുകളിലുള്ള അസുഖബാധിതര്‍/ ആരോഗ്യ പ്രവര്‍ത്തകര്‍/ മുന്‍നിര പോരാളികള്‍ എന്നിവര്‍ക്ക് രണ്ടു ഡോസും എടുത്ത് 39 ആഴ്ച കഴിഞ്ഞാല്‍ കരുതല്‍ ഡോസിന് അര്‍ഹതയുണ്ട്.

ഈ വിഭാഗത്തില്‍പെടുന്നവര്‍ അവരവരുടെ സമീപ പ്രദേശത്തുള്ള ആരോഗ്യ കേന്ദ്രങ്ങളെ ഉടന്‍ ബന്ധപ്പെടേണ്ടതാണ്.

ഈ മൂന്നാംതരംഗത്തില്‍ പിടിച്ചു നില്‍ക്കാന്‍ നമ്മുടെ കൈവശം വാക്‌സിനേഷന്‍ അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഉടനടി വാക്‌സിന്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ജില്ലയില്‍ 15, 16, 17 പ്രായ ഗ്രൂപ്പിലുള്ളവര്‍ക്കു കോവാക്‌സിന്‍ നല്‍കി വരുന്നുണ്ട്.

ചെറിയ ശതമാനം കുട്ടികള്‍ വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്നുണ്ട്.

ശാസ്ത്രീയമായ കാരണങ്ങള്‍ ഒന്നും ഇല്ലാതെ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ വാക്‌സിന്‍ എടുക്കാതിരിക്കരുത്.

കോവാക്‌സിന്‍ ഇപ്പോള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിന്‍ ആണ്.

കോവിഷീല്‍ഡ് പോലെ തന്നെ സുരക്ഷിതവും ഫലപ്രദവുമാണെന്നും ഡിഎംഒ അറിയിച്ചു.