സി.പി.ഐ നേതാവിനെ ക്ഷണിച്ചുവരുത്തി-അപമാനിച്ച് ഇറക്കിവിട്ടു

ഡി വൈ എഫ് ഐ ക്കാര്‍ പ്രതിഷേധവുമായി സ്റ്റേജിലെത്തി; കര്‍ഷക ദിനാചരണ ചടങ്ങില്‍ നിന്ന് സി പി ഐ നേതാവ് ഇറങ്ങി പോയി

കുഞ്ഞിമംഗലം: സി പി ഐ നേതാവിനെതിരെ പ്രതിഷേധവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ എത്തി വേദി കയ്യടിക്കുകയും മൈക്ക് പിടിച്ച് വാങ്ങി പ്രസംഗിക്കുകയും ചെയ്തതോടെ നേതാവ് ചടങ്ങില്‍ നിന്ന് ഇറങ്ങി പോയി.

കുഞ്ഞിമംഗലം പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് നടത്തിയ കര്‍ഷക ദിനാചരണ പരിപാടിയിലാണ് പ്രതിഷേധം വിവാദമായത്. സി.പി.ഐ. പ്രതിനിധിയായ പി. ലക്ഷ്മണനാണ് ഇറങ്ങി പോയത്.

എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം.

സി പി എം , കോണ്‍ഗ്രസ് പ്രതിനിധികള്‍ സംസാരിച്ച ശേഷം സി.പി.ഐ. പ്രതിനിധിയായ പി ലക്ഷ്മണനെ വേദിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ഒരു സംഘം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സ്റ്റേജിലേക്ക് കയറിയത്.

വയല്‍ മണ്ണിട്ട്‌നികത്താന്‍ കൂട്ട് നിന്നു എന്ന ആരോപണവുമായാണ് പ്രതിഷേധം ഉയര്‍ത്തിയത്.

കോലാഹലം ആയതോടെ സി പി ഐ നേതാവ് വേദിയില്‍ നിന്ന് ഇറങ്ങി ചടങ്ങ് ബഹിഷ്‌കരിച്ച് പോയി.

സ്റ്റേജിലെത്തിയ ഡിവൈ എഫ് ഐ നേതാവ് മൈക്ക് മുമ്പിലെത്തി നേതാവിനെതിരെ സി പി ഐ പ്രസംഗിക്കുകയും ചെയ്തു.

പി.ലക്ഷ്മണന്‍  മകന്‍ തീയ്യ മഹാസഭക്ക് ഓഫീസ് പണിയാന്‍ വയല്‍ നല്‍കി മണ്ണിട്ട് നികത്തി എന്നാണ് ഡിവൈഎഫ്‌ഐ ആരോപണം

സി.പി.ഐ പ്രതിഷേധിച്ചു.

പയ്യന്നൂര്‍: കുഞ്ഞിമംഗലം കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷകദിനാചരണ പരിപാടി ഒരു കൂട്ടം ആളുകള്‍ വന്ന് അലങ്കോലപ്പെടുത്തുകയും സി പി ഐ പ്രതിനിധി പി.ലക്ഷ്മണനെ ആശംസാപ്രസംഗത്തിന് അനുവദിക്കാതിരുക്കുകയും ചെയ്തത് അങ്ങേയറ്റം അപലപനീയമാണെന്ന് സി.പി.ഐ പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി വി.ബാലന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

കര്‍ഷകരെ ആദരിക്കുന്ന മഹനീയമായ ചടങ്ങില്‍ സി.പി.എം പ്രതിനിധിയുടെ തെറ്റായ ആഹ്വാനമാണ് കൃഷി വകുപ്പിന്റെ മികച്ച ഒരു ചടങ്ങ് തടസ്സപ്പെടാന്‍ കാരണമായത്.

സര്‍ക്കാര്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുന്നതിന് പകരം മൗനാനുവാദം നല്‍കിയ ഉത്തരവാദിത്വപ്പെട്ട നേതാക്കള്‍ അനാവശ്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നതായാണ് കണ്ടത്.

സദാചാരാ പൊലീസ് ചമഞ്ഞ് ഇത്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ നിയന്ത്രിക്കുന്നതിന് വേണ്ടി ബന്ധപ്പട്ട പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും വിഷയത്തില്‍ കൃഷിഭവന്‍ അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും നിലപാട് കൃഷി വകപ്പ് ഗൗരവത്തോടെ കാണണമെന്നും സി പി ഐ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.