സിപിഐ(എം)ജില്ലാ സമ്മേളനം:ലോഗോ പ്രകാശനം ചെയ്തു-
കണ്ണൂര്‍: സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഡിസംബര്‍ 10,11,12 തീയതികളിലായി മാടായി ഏരിയയിലെ എരിപുരത്ത് വെച്ച് നടക്കുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.
സമ്മേളനത്തിന്റെ പ്രചരണങ്ങള്‍ക്കായി ലോഗോ തയ്യാറാക്കാന്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ 35 സൃഷ്ടികളാണ് കിട്ടിയത്. അതില്‍ പാപ്പിനിശ്ശേരി സ്വദേശിയായ രാജേഷ് പൂഞ്ഞത്ത് തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.
അഴീക്കോടന്‍ മന്ദിരത്തില്‍ നടന്ന പ്രകാശനചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ജയരാജന്‍, ടി.വി.രാജേഷ്, ജെയിംസ് മാത്യു, വി.ശിവദാസന്‍ എം.പി,
സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പി.വി.ഗോപിനാഥ്, പി.പുരുഷോത്തമന്‍, ടി.ഐ. മധുസൂദനന്‍ എം.എല്‍.എ,
സ്വാഗതസംഘം ഭാരവാഹികളായ പി.പി.ദാമോദരന്‍, കെ.പത്മനാഭന്‍, എം.വി.രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചു.
നവംബര്‍ 9 ചൊവ്വാഴ്ച 5 മണിക്ക് ചന്തപ്പുരയില്‍ കര്‍ഷകസമ്മേളനം നടത്തും. സമ്മേളനം കിസാന്‍സഭ അഖിലേന്ത്യാ സെക്രട്ടറി ഹന്നന്‍മുള്ള ഉദ്ഘാടനം ചെയ്യും.
രാജ്യത്ത് ശക്തിയാര്‍ജിച്ചുവരുന്ന കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നത്.
കര്‍ഷകദ്രോഹ നിയമങ്ങളും വൈദ്യുതി ബില്ലും കര്‍ഷകരെ വഴിയാധാരമാക്കുന്ന ഈ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കര്‍ഷകരുടെ സമരം.
ജനകീയ സമരമാണ് ചന്തപ്പുരയില്‍ നടക്കുന്ന കര്‍ഷകസമ്മേളനം. ജില്ലയില്‍ 230 ലോക്കലുകളില്‍ തത്സമയം ഓണ്‍ലൈനായി കോവിഡ് പ്രോട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ജനങ്ങളെപങ്കെടുപ്പിച്ചാണ് പരിപാടി നടത്തുന്നത്.
