കോണ്‍ഗ്രസിന്റെ വെള്ളംചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളമായി മാറി- എ.വിജയരാഘവന്‍
പഴയങ്ങാടി: കോണ്‍ഗ്രസിന്റെ വെള്ളം ചേര്‍ത്ത നിലപാടുകള്‍ സംഘപരിവാറിന് വളരാന്‍ സഹായകമായിമാറിയെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവന്‍.
കോര്‍പ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നു.
ഇതിനെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തെ എല്ലാവരും ചേര്‍ന്ന് ദുര്‍ബ്ബലപ്പെടുത്തുന്നു.
സംഘപരിവാറിന്റെ കാലിടറുന്ന തരത്തില്‍ കര്‍ഷക പ്രക്ഷോഭം വിജയിച്ചു. ഇത് ജനങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എഴുതിത്തള്ളാന്‍ കഴിയുന്നവരല്ല ഇടതുപക്ഷം എന്ന് ഭരണാധികാരികളും തിരിച്ചറിഞ്ഞു കഴിഞ്ഞു.
മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും പ്രക്ഷോഭങ്ങള്‍ക്ക് കഴിയും, ഇടതുപക്ഷത്തിന് മാത്രമേ തീവ്രഹിന്ദുത്വം ഇല്ലാതാക്കാനും മതനിരപേക്ഷത സംരക്ഷിക്കാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മ നിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവന്‍.
മതനിരപേക്ഷത ഇന്ന് വലിയ ഭീഷണി നേരിടുകയാണെന്ന് അഡ്വ.പി.പി. ബഷീര്‍ പറഞ്ഞു.
ഭരണഘടന അംഗീകരിക്കുന്നവരല്ല സംഘപരിവാര്‍. അവര്‍ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരല്ല. നൂറ്റാണ്ടുകളായി മതസൗഹാര്‍ദ്ദമുള്ള നാടാണ് കേരളം.
ഇസ്ലാമിനെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചവരാണ്. അതില്‍ നിന്ന് രൂപപ്പെട്ടതാണ് നമ്മുടെ മതനിരപേക്ഷത ഇന്ന് ഇതൊക്കെ തീവ്ര മുസ്ലീങ്ങളും, തീവ്രഹിന്ദുക്കളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
ഇത് ചെറുക്കണം .ഭക്ഷണത്തില്‍ പോലും മതവിദ്വേഷം കൊണ്ടുവരുന്നു. ഇതൊക്കെ ചെറുക്കാന്‍ ഇടതു പക്ഷത്തിനു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എം.രാമചന്ദ്രന്‍, എം.വി.ശകുന്തള, എം.വി.രാജീവന്‍, അഡ്വ.ബി.അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
പിലാത്തറ ലാസ്യകലാക്ഷേത്രത്തിന്റെ സംഗീതശില്പവും അരങ്ങേറി.