പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്- കെ.കെ.ശൈലജ എം.എല്‍.എ

പഴയങ്ങാടി: ചൂഷകവര്‍ഗ്ഗത്തിനെതിരായ പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം കെ. കെ.ശൈലജ എം.എല്‍.എ പറഞ്ഞു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടി സി.വി.ദാമോദരന്‍ നഗറില്‍ സാംസ്‌ക്കാരികോല്‍സവവും, ചിന്ത പുസ്തകോല്‍സവവും ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകമാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ. നരകതുല്യമായ ജീവിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പ്രത്യാശയുടെ സ്വപ്നങ്ങള്‍ നല്‍കുന്ന പുസ്തകമാണിത്. അതിനാലാണ് ജനപ്രിയതയേറിയത്.

പല വിപ്ലവങ്ങള്‍ക്കും പ്രേരകമായത് പുസ്തകങ്ങളുടെ പിന്‍ബലമാണ്.

ഒക്ടോബര്‍ വിപ്ലവത്തിന് പിന്നിലും ചിന്തോദ്ദീപകമായ പുസ്തകങ്ങളുണ്ട്. ചരിത്രത്തിന്റെ ഗതി മാറ്റിയതും പുസ്തകങ്ങളാണ്.

പ്രൊഫ.ബി മുഹമ്മദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ.പി.രാജഗോപാലന്‍, കഥാകൃത്ത് ടി.പി.വേണുഗോപാലന്‍, ശില്പി കെ.കെ.ആര്‍.വെങ്ങര, രാജേഷ് കടന്നപ്പള്ളി എന്നിവര്‍ സംസാരിച്ചു.

സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണന്‍, പി.പി.ദാമോദരന്‍, എം. വിജിന്‍ എം.എല്‍.എ, ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു. കെ.വി.വാസു സ്വാഗതം പറഞ്ഞു.