പോയ സി.പി.എമ്മുകാര്‍ ആരൊക്കെ തിരിച്ചുവരും ? ഇന്നത്തെ മാന്തംകുണ്ട് സി.പി.എം യോഗം നിര്‍ണ്ണായകം.
തളിപ്പറമ്പ്: സി.പി.എം-സി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മാന്തംകുണ്ടില്‍ ഇന്ന് വൈകുന്നേരം നടക്കുന്ന സി.പി.എം രാഷ്ട്രീയവിശദീകരണ യോഗം ചില തിരിച്ചുവരവുകള്‍ക്ക് വേദിയാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

കോമത്ത് മുരളീധരനോടൊപ്പം സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന ചിലര്‍ തിരിച്ച് സി.പി.എമ്മിലേക്ക് വരുമെന്ന സൂചനകള്‍ സജീവമാണ്.
അത് ആരൊക്കെയായിരിക്കുമെന്ന് ഇന്ന് വൈകുന്നേരം പി.ജയരാജന്‍ പങ്കെടുക്കുന്ന യോഗത്തില്‍ വ്യക്തമാവും.
സി.പി.എം വിട്ടവര്‍ക്ക് നേരെ സമുൂഹമാധ്യമങ്ങളില്‍ നടന്നുവരുന്ന അപവാദ പ്രചരണങ്ങളും ജോലിയില്‍ നിന്ന് പിരിച്ചുവിടന്നതുള്‍പ്പെടെയുള്ള പ്രതികാരനടപടികളും പ്രതിരോധിക്കാന്‍ സി.പി.ഐക്ക് സാധിക്കാത്തത് സി.പി.ഐയിലേക്ക് പോയ പ്രവര്‍ത്തകരില്‍ ചിലരെ നിരാശരാക്കിയിട്ടുണ്ട്.
സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്ന മൂന്നുപേരെ ഇതിനകം തന്നെ സാമ്പത്തിക ക്രമക്കേടുകള്‍ ഉന്നയിച്ച് നടപടികള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.
കൂടുതല്‍പേരെ നടപടി കാണിച്ച് നിശബ്ദരാക്കിയിട്ടുമുണ്ട്. ഇവരില്‍ ചിലര്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ വെച്ച് സി.പി.എമ്മിലേക്ക് മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
കാത്തിരുന്ന് കാണാമെന്നാണ് ഒരു മുതിര്‍ന്ന നേതാവ് ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പ്രതികരിച്ചത്.
