കടന്നപ്പള്ളിയില്‍ പ്രതിഷേധപ്രകടനത്തിന്റെ പേരില്‍ പോലീസും സിപി.എമ്മും തമ്മില്‍ സംഘര്‍ഷം

പരിയാരം: കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തിന്റെ പേരില്‍ കടന്നപ്പള്ളി തുമ്പോട്ടയില്‍ സംഘര്‍ഷം.

സിപിഎം പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നു.

പുത്തൂര്‍കുന്നിലെ ഇന്ദിരാഭവന്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് പൊതുയോഗം സംഘടിപ്പിക്കാന്‍ നാലരയോടെ സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തുമ്പോട്ടയില്‍ പൊതുയോഗം നടത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞുകൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ടുവെങ്കിലും അനുവദിക്കില്ലെന്ന നിലപാട് സി.പി.എം പ്രവര്‍ത്തകര്‍ തുടര്‍ന്നു.

എന്നാല്‍ പ്രതിഷേധം നടത്തുമെന്ന ഉറച്ച നിലപാടിലായിരുന്നു ഡി.സി.സി ജന,സെക്രട്ടെറി അഡ്വ.കെ.ബ്രിജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

വിവരമറിഞ്ഞ് പരിയാരം ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്‍ സ്ഥലത്തെത്തി ഇരുവിഭാഗവുമായി സംസാരിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉദ്ദേശിച്ച സ്ഥലത്തുതന്നെ
പ്രതിഷേധയോഗം നടത്തുകയും ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തിന് ശേഷം നടത്തിയ പ്രതിഷേധപൊതുയോഗം കെ.പി.സി.സി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് രാജേഷ് മല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജന.സെക്രട്ടറി കെ.ബ്രിജേഷ് കുമാര്‍, കെ.രാമദാസ്, കെ.പി ജനാര്‍ദ്ദനന്‍, പി.പി.രാജീവന്‍, സന്ദീപ് പാണപ്പുഴ, എന്‍.കെ.സുജിത്ത്, മനോജ് കൈതപ്രം, കുപ്പാടക്കന്‍ കുഞ്ഞിരാമന്‍, കെ.രവീന്ദ്രന്‍, പി.പി.നാരായണന്‍, വി.പി.ഗോവിന്ദന്‍, സുനില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.