റോഡരികില്‍ സ്തൂപം നിര്‍മ്മിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു.

തളിപ്പറമ്പ്: വീതികുറഞ്ഞ റോഡരികില്‍ സ്തൂപം പണിയാനുള്ള ശ്രമം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു, സ്ഥലത്തെത്തിയ പോലീസ് പണി നിര്‍ത്തിവെപ്പിച്ചു.

ഇന്ന് രാവിലെ പൂക്കോത്ത്‌തെരു കുട്ടിക്കുന്ന്പറമ്പിലാണ് സംഭവം. ഇവിടെ റോഡരികില്‍ വളവുള്ള സ്ഥലത്ത് സി.പി.എം നേരത്തെ പാര്‍ട്ടി കൊടികളും മറ്റും സ്ഥാപിച്ചിരുന്നു.

ഇവിടെ കല്ലുപയോഗിച്ച് സ്തൂപം നിര്‍മ്മിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞത്.

ഈ ഭാഗത്ത് റോഡിന് വീതി പൊതുവെ കുറവായതിനാല്‍ ഇവിടെ സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് പ്രകാരം തന്നെ ഇവിടെ സ്തൂപം നിര്‍മ്മിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും അതിനാല്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ബൂത്ത്

പ്രസിഡന്റുമാരായ കെ.വിനോദ്, എ.മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസില്‍ രേഖാമൂലം പരാതിയും നല്‍കി.

കോണ്‍ഗ്രസ് നേതാവും നഗരസഭാ കൗണ്‍സിലറുമായ കെ.രമേശനും സ്ഥലത്തെത്തിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് പണി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. നഗരസഭയുടെ പൊതു കുടിവെള്ളടാപ്പും ഈ സ്തൂപം പണിയുന്ന സ്ഥലത്തുതന്നെയാണ്.